പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | മെയ് 2 | തിങ്കൾ | 1197 | മേടം 19 | കാർത്തിക
ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പതിനാറുകാരി മരിച്ചു. 31 പേര്‍ ആശുപത്രിയിലായി. കണ്ണൂര്‍ പെരളം സ്വദേശി ചന്ദ്രോത്ത് നാരായണന്റേയും പ്രസന്നയുടേയും ഏകമകള്‍ ദേവനന്ദയാണ് മരിച്ചത്. ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവരെല്ലാം. മരിച്ച ദേവാനന്ദ കരിവെള്ളൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. കടയിലെ രണ്ടു ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസര്‍കോട് ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ. മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് പെരുന്നാള്‍ നാളേക്കു മാറ്റിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളേയും അവധി നല്‍കേണ്ടതുണ്ടോയെന്ന് ഇന്നു തീരുമാനിക്കും. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകളുടെ കെണികളില്‍ വീഴരുതെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിടുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചിരിക്കുകയാണ്. നിയമവിരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പി.സി ജോര്‍ജിന് ജാമ്യം നല്‍കിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെ. ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കും. പ്രോസിക്യൂഷനെ അറിയിക്കാതെയാണ് പോലീസ് ജോര്‍ജിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച ജാമ്യ ഉത്തരവ് കിട്ടിയശേഷം പ്രോസിക്യൂഷന്‍ തീരുമാനമെടുക്കും. മത വിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യം കിട്ടാത്ത വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.
മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാന്‍ സുജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസ്. സ്ത്രീയുടെ നഗ്‌ന ചിത്രം കാണിച്ചു ഭീഷണിപ്പെടുത്തിയതിനാണ് തൃശൂര്‍ വലപ്പാട് പോലീസ് കേസെടുത്തത്.
തൃക്കാക്കര തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ഈ മാസം 15 ന് എറണാകുളം കിഴക്കമ്പലത്തെത്തും. ട്വന്റി 20 കിഴക്കമ്പലത്ത് ഒരുക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. അരലക്ഷം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സാബു ജേക്കബ് അവകാശപ്പെടുന്നത്.
പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. പാലക്കാട് മുണ്ടൂര്‍ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബര്‍ അലി, അബ്ബാസ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് ഒളിത്താവളം നല്‍കിയതിനാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി.
പീഡനക്കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കി. നിരപരാധിത്വം തെളിയും വരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിജയ്ബാബു അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു.
പാലക്കാട് വടക്കഞ്ചേരിയില്‍ കണ്ടക്ടര്‍ ഇല്ലാത്ത ബസ് സര്‍വീസിന് മന്ത്രി ഇടപെട്ട് അനുമതി. മോട്ടോര്‍ വാഹന നിയമപ്രകാരം ടിക്കറ്റ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി ആര്‍ടിഒ നല്‍കിയ സ്റ്റോപ് മെമ്മോ റദ്ദാക്കി. ബസ്ചാര്‍ജ് ഈടാക്കാത്ത ബസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബസിന് അനുമതി നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചത്. യാത്രക്കാര്‍ ഇഷ്ടമുള്ള തുക ബസിലെ പണപ്പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയെന്നാണു ബസുടമയുടെ നിലപാട്.
ടിക്കാറാം മീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി വക്കീല്‍ നോട്ടീസ് അയച്ചു. മീണയുടെ ആത്മകഥയില്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും നോട്ടീസില്‍ പറയുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അകാരണമായി സസ്പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിറകില്‍ ശശിയായിരുന്നെന്നാണ് ആത്മകഥയിലെ ആരോപണം.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പത്ര ഫോട്ടോഗ്രാഫര്‍ക്കെതിരേ പോലീസിന്റെ അതിക്രമവും കസ്റ്റഡിയിലെടുക്കലും. തിരുവനന്തപുരത്തെ പാറ്റൂര്‍ പള്ളിയില്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയുടെ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍ ബെന്നി പോളിനോടാണ് വഞ്ചിയൂര്‍ സിഐയുടെ അതിക്രമം. ബൈക്ക് പാര്‍ക്കു ചെയ്തതു സംബന്ധിച്ച തര്‍ക്കമാണു കാരണം. പ്രതിഷേധം ഉയര്‍ന്നതോടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഫോട്ടോഗ്രാഫറെ വിട്ടയച്ചത്.
കണ്ടിയൂരിലെ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ കുടുംബം രംഗത്ത്. കടുവിനാല്‍പറമ്പില്‍ ജിജോയുടെ ഭാര്യ ബിന്‍സി തൂങ്ങി മരിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുബത്തിന്റെ ആവശ്യം. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളുണ്ടെന്നാണ് വീട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.
കോട്ടയത്ത് പ്രണയം നിരസിച്ച കണ്ണൂര്‍ സ്വദേശിനിയെ കൊല്ലാന്‍ പോകുന്നതിനു വണ്ടിക്കാശു ചോദിച്ച് പ്രശ്നമുണ്ടാക്കിയ വിദ്യാര്‍ഥിയെ അനുനയിപ്പിക്കാന്‍ ചെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി. പതിനഞ്ചു വയസുകാരന്‍ വെട്ടുകത്തിയുമായി പാഞ്ഞടുത്ത അനുഭവമാണ് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ നിഷ ജോഷി വിവരിച്ചത്. കുട്ടികള്‍ ലഹരിക്കും ഗെയിമുകള്‍ക്കും അടിമകളാകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന ഓര്‍മപ്പെടുത്തലോടെയാണ് ഫേസ് ബുക്കിലെ കുറിപ്പ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കുന്നംകുളത്ത് പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം, ഒരാള്‍ക്കു കുത്തേറ്റു. പഴുന്നാന സ്വദേശിയായ പത്തൊമ്പതുകാരന്‍ അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് സഹോദരന്റെ അടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസന്‍ (67) മരിച്ചു. സംഭവത്തില്‍ അറസ്റ്റിലായ അനുജന്‍ ശിവശങ്കരന്‍ (61) റിമാന്‍ഡിലാണ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഡ്രൈ ഡേ ആയിരുന്ന ഒന്നാം തീയതി മദ്യം വിറ്റതിന് തൃശൂരില്‍ ഒരാള്‍ അറസ്റ്റിലായി. പീച്ചി മണ്ടന്‍ചിറ സ്വദേശി ജോര്‍ജിനെയാണ് 103 ലിറ്റര്‍ മദ്യവുമായി പിടികൂടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനങ്ങള്‍ പുനരാരംഭിച്ചു. ജര്‍മനി, ഡെന്മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. ഇന്ന് ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ചാന്‍സലര്‍ ഷോള്‍സുമായി കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസത്തിനിടെ എട്ടു വിദേശ നേതാക്കളുമായി കൂടിക്കാഴ്ച അടക്കം 25 പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
സേനാ നവീകരണമാണ് പ്രധാന ദൗത്യമെന്ന് കരസേന മേധാവിയായി ചുമതലയേറ്റ ജനറല്‍ മനോജ് പാണ്ഡെ. വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാധനാലയങ്ങളില്‍ ഉച്ചത്തിലുള്ള പാട്ടുകളും വാങ്കുവിളികളും നിരോധിച്ച ഉത്തര്‍പ്രദേശില്‍ 54,000 ഉച്ചഭാഷിണികള്‍ നീക്കം ചെയ്തെന്ന് പോലീസ്. ആരാധനാലയങ്ങളിലെ ശബ്ദം കാമ്പസിനു പുറത്തേക്കു പോകരുതെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്.
ആന്ധ്രയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ഇരുപത്തിരണ്ടുകാരിയായ ബിടെക് വിദ്യാര്‍ഥിനി രമ്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഗുണ്ടൂരിലെ മോട്ടോര്‍ മെക്കാനിക്കായ ശശികൃഷ്ണയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. എട്ടു മാസം മുമ്പാണ് ഗുണ്ടൂരില്‍ നടുറോഡില്‍ വച്ച് ശശികൃഷ്ണ രമ്യയെ കുത്തിക്കൊന്നത്.
ഡല്‍ഹിയിലെ സ്‌കൂളില്‍ പഠിച്ച ഇന്ത്യന്‍ വംശജയായ നന്ദ് മുല്‍ചന്ദാനിയെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി നിയമിച്ചു.
സ്വന്തം നാട്ടുകാരിയായ പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കു നിര്‍ബന്ധിച്ച നാലു സ്ത്രീകള്‍ക്ക് ദുബൈയില്‍ ജയില്‍ശിക്ഷ. കിഴക്കന്‍ യൂറോപ്യന്‍ സ്വദേശിനികള്‍ക്കാണു ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കു ശേഷം ഇവരെ നാടുകടത്തും.
കലാശപ്പോരിനൊരുങ്ങി മലപ്പുറം. സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം കളത്തിലിറങ്ങുന്നത്.
ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് റണ്‍സിനാണ് ലഖ്‌നൗ പരാജയപ്പെടുത്തിയത്. ലഖ്‌നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി പൊരുതി നോക്കിയെങ്കിലും ഏഴു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 16 റണ്‍സ് മാത്രം വഴങ്ങി നാല് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ മൊഹ്‌സിന്‍ ഖാന്റെ പ്രകടനമാണ് സൂപ്പര്‍ ജയന്റ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 51 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത രാഹുലാണ് ലഖ്‌നൗവിന്റെ ടോപ്സ്‌കോറര്‍.
എം.എസ് ധോനി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈ ഉയര്‍ത്തിയ 203 റണ്‍സ് വിജയക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 33 പന്തില്‍ നിന്ന് ആറു സിക്‌സും മൂന്ന് ഫോറുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്ന നിക്കോളാസ് പുരനും ഹൈദരാബാദിനെ രക്ഷിക്കാനായില്ല. ചെന്നൈക്കായി മുകേഷ് ചൗധരി നാലു വിക്കറ്റ് വീഴ്ത്തി. 57 പന്തില്‍ 99 റണ്ണെടുത്ത റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
രാജ്യത്ത് സമ്പദ്പ്രതിസന്ധി വിട്ടകന്നിട്ടില്ലെന്ന സൂചന ശക്തമാക്കി മാര്‍ച്ചില്‍ മുഖ്യ വ്യവസായമേഖലയുടെ വളര്‍ച്ച ഫെബ്രുവരിയിലെ 6 ശതമാനത്തില്‍ നിന്ന് 4.3 ശതമാനത്തിലേക്ക് ഇടിഞ്ഞു. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായമേഖലയിലുള്ളത്. ഇതില്‍ വളം, സിമന്റ്, വൈദ്യുതി എന്നിവ മാത്രമാണ് മാര്‍ച്ചില്‍ ഫെബ്രുവരിയേക്കാള്‍ വളര്‍ച്ച കുറിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2021-22) മൊത്തം മുഖ്യ വ്യവസായ വളര്‍ച്ച 10.4 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. 2020-21ല്‍ വളര്‍ച്ച നെഗറ്റീവ് 6.4 ശതമാനം ആയിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസും, യുഎസ് ആസ്ഥാനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് എന്ന നിക്ഷേപ കമ്പനിയും ചേര്‍ന്ന് ബ്രിട്ടന്‍ ആസ്ഥാനമായ റീട്ടെയില്‍ കമ്പനി ബൂട്ട്സിനെ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടന് പുറമേ അയര്‍ലന്‍ഡ്, ഇറ്റലി, നോര്‍വേ, നെതര്‍ലന്‍ഡ്‌സ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബൂട്ട്സിന് സാന്നിധ്യമുണ്ട്. ആരോഗ്യ-സൗന്ദര്യ ഉത്പന്നങ്ങളുടെ റീട്ടെയിലും ഫാര്‍മസി ശൃംഖലയും അടങ്ങുന്നതാണ് ബൂട്ട്സ് യുകെ എന്ന കോര്‍പ്പറേറ്റ്. ഇരുകമ്പനികളുടേയും നീക്കം വിജയിച്ചാല്‍ ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ബൂട്ട്‌സിന്റെ സാന്നിധ്യം വ്യാപിക്കും. യുകെയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ബൂട്ട്‌സിന് രാജ്യത്തുടനീളം 2,000-ലധികം സ്റ്റോറുകളുണ്ട്.
ബോളിവുഡിനെ നടുക്കി കെജിഎഫ് 2 വിന്റെ വിളയാട്ടം. പ്രദര്‍ശനത്തിനെത്തി 16 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആഗോള തലത്തില്‍ 1000 കോടി കലക്ഷന്‍ പിന്നിട്ടു. ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. രണ്ടായിരം കോടി ക്ലബില്‍ ഇടം നേടിയ ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍, 1700 കോടി നേടിയ രാജമൗലി ചിത്രം ബാഹുബലി 2, 1100 കോടിക്കു മുകളില്‍ നേടി പ്രദര്‍ശനം തുടരുന്ന രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ എന്നിവയാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ചിത്രങ്ങള്‍. നിലവിലെ വിജയകുതിപ്പ് തുടരുകയാണെകില്‍ കെജിഎഫ് 2 ഈ ചിത്രങ്ങളെയെല്ലാം മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 14ന് ആഗോള റിലീസായെത്തിയ ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്നുമാത്രം 134.50 കോടിയാണ് സ്വന്തമാക്കിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം 'വിക്രം' ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്യുക. കമല്‍ഹാസന്‍ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഷിബു തമീന്‍സ് ആണ് സ്വന്തമാക്കായിരിക്കുന്നത്. കമല്‍ഹാസനൊപ്പം വിക്രം എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മാണം.
നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ പട്ടിക കൂട്ടിച്ചേര്‍ത്ത് സ്വിച്ച് മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ തലമുറ ഇലക്ട്രിക് മോട്ടോര്‍ബൈക്ക് സിഎസ്ആര്‍ 762 ഈ വര്‍ഷം പുറത്തിറക്കാന്‍ ഒരുങ്ങുന്നു. സിഎസ്ആര്‍ 762 ഇലക്ട്രിക് ബൈക്കിന് സബ്‌സിഡിക്ക് മുമ്പ് ഏകദേശം 1.65 ലക്ഷം രൂപയും സബ്‌സിഡിക്ക് ശേഷമുള്ള ചെലവ് ഏകദേശം 1.25 ലക്ഷം രൂപയും സര്‍ക്കാരില്‍ നിന്ന് 40,000 രൂപ വരെ സബ്‌സിഡികളുമാണ് കണക്കാക്കുന്നത്. ബൈക്കിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 110 കിലോമീറ്ററാണ്. ഉപയോഗിക്കുന്ന മോഡിനെ ആശ്രയിച്ച് ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ബൈക്കിന് കഴിയും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്