പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | മെയ് 10 | ചൊവ്വ | 1197 | മേടം 27 | മകം
ശ്രീലങ്കയില്‍ കലാപം. പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചു. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ മഹീന്ദയുടെ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടതോടെയാണ് കലാപം പടര്‍ന്നത്. കലാപകാരികള്‍ മന്ത്രിമന്ദിരങ്ങളും വാഹനങ്ങളും കത്തിച്ചു. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 160 പേര്‍ക്കു പരിക്ക്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊളംബോ അടക്കം പ്രധാന നഗരങ്ങളില്‍ സൈന്യത്തെ വിന്യസിപ്പിച്ചു. ഭരണകക്ഷി എംപി അമരകീര്‍ത്തി സ്വയം വെടിവച്ചു ജീവനൊടുക്കി. രണ്ടു മന്ത്രിമാര്‍കൂടി രാജിവച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റ് ഗോത്തബായ രാജപക്സെയുടെ ജ്യേഷ്ഠനാണ് രാജിവച്ച പ്രധാനമന്ത്രി മഹീന്ദ രാജപക്സെ.
തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട കാഷ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ 10 പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതിയടക്കം മൂന്നു പേരെ വെറുതെ വിട്ടു. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി. തടിയന്റവിട നസീറിന് അഞ്ചു ജീവപര്യന്തം തടവുശിക്ഷ. പ്രതികള്‍ക്കെതിരെ ചില കുറ്റങ്ങള്‍ വിചാരണ കോടതി ഒഴിവാക്കിയതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അനുവദിച്ചു. രണ്ടാം പ്രതി എം.എച്ച് ഫൈസല്‍, 14ാം പ്രതി മുഹമ്മദ് ഫസല്‍, 22 ാം പ്രതി ഉമര്‍ ഫറൂഖ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ശിക്ഷിക്കപ്പെട്ട പ്രതികളും, എന്‍ഐഎയും നല്‍കിയ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമത്തിന്റെ വ്യവസ്ഥകള്‍ പുന:പരിശോധിക്കുന്നതുവരെ ഹര്‍ജി പരിഗണിക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാളെയാണ് ഹര്‍ജി വിശാല ബെഞ്ചിനു വിടുന്ന കാര്യത്തില്‍ വാദം ആരംഭിക്കുക. രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന വാദത്തില്‍നിന്നു വ്യത്യസ്തമായ നിലപാടാണ് കേന്ദ്രം ഇപ്പോള്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് എസ്എന്‍ഡിപിയുടെ പിന്തുണയെന്നു പുറത്തുപറയേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥികളല്ല താരങ്ങള്‍. വിളങ്ങി തിളങ്ങി നില്‍ക്കുന്നത് സഭയാണ്. കുറച്ചു ദിവസം കഴിയുമ്പോള്‍ സഭയെ താഴെവച്ച് സ്ഥാനാര്‍ഥികളെ താരമാക്കിയേക്കും. ലൗ ജിഹാദ് കേരളത്തിലുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകള്‍ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും ദിലീപ് കോടതിയില്‍. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചെന്ന് ആരോപിച്ച പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചാണ് നാലര മണിക്കൂറോളം ചോദ്യം ചെയ്തത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. വിചാരണക്കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്നും അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നു തൃശൂര്‍ പൂരം. ഉച്ചയ്ക്കു രണ്ടിന് ഇലഞ്ഞിത്തറ മേളം, വൈകുന്നേരം അഞ്ചിനു കുടമാറ്റം. നാളെ പുലര്‍ച്ചെ മൂന്നിനു വെടിക്കെട്ട്. വെട്ടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്ക് ആരേയും അനുവദിക്കില്ലെങ്കിലും റൗണ്ടിലെ ബലക്ഷയമില്ലാത്ത കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതി നല്‍കും. 144 കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ട്. ഇവയിലേക്കു പ്രവേശനം അനുവദിക്കില്ല. പൊലീസും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കെട്ടിടങ്ങളില്‍നിന്ന് വെടിക്കെട്ട് കാണേണ്ടവര്‍ രണ്ടു മണിക്കൂര്‍ മുന്‍പ് എത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാഗമണ്ണിലെ ഓഫ് റോഡ് റൈഡ് സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനും സംഘടകര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയക്കും. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജോയിന്റ് ആര്‍ടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആര്‍ടിഒ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കായംകുളത്ത് ബിഎസ്എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി കടന്നല്‍ ആക്രമണം സഹിക്കാതെ താഴേക്കു ചാടി. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് യുവതി ടവറില്‍ കയറിയത്. ടവറിലെ കടന്നല്‍ കൂട് ഇളകി ആക്രമിച്ചതോടെയാണ് യുവതി താഴെക്കു ചാടിയത്. ഫയര്‍ ഫോഴ്സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റി. യുവതിക്കും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും കടന്നല്‍കുത്തേറ്റു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗം അപകീര്‍ത്തിപരമാണെന്ന് ചൂണ്ടിക്കാണിച്ചും 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടും മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണമെന്നു പ്രസംഗിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ശ്രീനിവാസന്‍ കൊലക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ച ഒരു ബൈക്കു കൂടി കണ്ടെത്തി. പ്രതി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പി കൊടുമുണ്ടയില്‍നിന്ന് കണ്ടെത്തിയത്. പട്ടാമ്പി പള്ളിപ്പുറത്ത് ഭാരതപ്പുഴയുടെ അരികില്‍ മരങ്ങളുടെ മറവിലായിരുന്നു ബൈക്ക് ഒളിപ്പിച്ചിരുന്നത്.
വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയ കേസില്‍ വിചാരണ ആരംഭിച്ചു. സമീപവാസിയായ അര്‍ജുനാണ് പ്രതി. ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതിയിലാണ് വിചാരണ.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തന്‍ ശിബിര ചര്‍ച്ചകളില്‍. ആറു സമിതികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി പരിശോധിച്ചു. സമിതി അധ്യക്ഷന്മാര്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാന്ത്രികവടിയൊന്നും ഇല്ലെന്ന് സോണിയ പറഞ്ഞു. പാര്‍ട്ടിയില്‍ യുവ ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഒരു പദവി മാത്രം. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കു മാത്രം സ്ഥാനാര്‍ത്ഥിത്വം. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ തീരുമാനിക്കണം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന കമ്മിറ്റികളുടെ നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കണം. സഖ്യ ചര്‍ച്ചകള്‍ക്കായി കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മിറ്റികള്‍ മുന്നോട്ടുവച്ചത്.
ഷഹീന്‍ബാഗിലെ കെട്ടിടം പൊളിക്കലിനെതിരെ ഹര്‍ജി നല്‍കിയ സിപിഎമ്മിനെ വിമര്‍ശിച്ച് സുപ്രീംകോടതി. സിപിഎം എന്തിനാണ് ഹര്‍ജി നല്‍കിയതെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല സുപ്രീംകോടതിയെന്ന് വിമര്‍ശിച്ചതോടെ ഹര്‍ജി സിപിഎം പിന്‍വലിച്ചു. പൊളിക്കല്‍മൂലം വഴിയാധാരമാകുന്നവരുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കട്ടെയെന്നും കോടതി പറഞ്ഞു. കൈയേറ്റക്കാരുണ്ടെങ്കില്‍ ഒഴിപ്പിക്കണം. കോടതി അഭിപ്രായപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ലഖിംപൂര്‍ ഖേരി കേസില്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ നാലു പേര്‍ക്കു ജാമ്യമില്ല. പ്രതികളുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഹര്‍ജി പരിഗണിക്കവേ, കേന്ദ്രമന്ത്രി അജയ് മിശ്രയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ വിക്ഷേപണ വാഹനങ്ങളെ വികസിപ്പിക്കാന്‍ ഐഎസ്ആര്‍ഒ. റീ യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ലാന്‍ഡിംഗ് പരീക്ഷണം വൈകാതെ കര്‍ണാടകയില്‍ നടക്കും. തിരുവനന്തപുരം വിഎസ്എസ്‌സിയിലെ പ്രത്യേക സംഘമാണ് ഈ ഗവേഷണത്തിനു പിന്നില്‍. ഹെലികോപ്റ്ററിന്റെ സഹായത്തോടെ പരീക്ഷണ വാഹനത്തെ രണ്ടര കിലോമീറ്റര്‍ ഉയരത്തിലെത്തിച്ചുകൊണ്ടാണ് വിക്ഷേപണം. ലാന്‍ഡിംഗ് പാഡില്‍നിന്ന് മൂന്നര കിലോമീറ്റര്‍ ദൂരെവച്ച് പേടകത്തെ ഹെലികോപ്റ്റര്‍ താഴേക്കിടും. താഴേക്കു വീഴുന്ന പേടകം സ്വയം സഞ്ചാര ദിശ നിയന്ത്രിച്ച് കൃത്യമായി ലാന്‍ഡിംഗ് പാഡില്‍ ഇറക്കുന്ന രീതിയാണ് വികസിപ്പിച്ചെടുത്തത്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന അവസാനിച്ചു. സബ്സ്‌ക്രിപ്ഷന്‍ ലക്ഷ്യമിട്ടതിന്റെ 2.94 മടങ്ങാണ്. പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവച്ച ഓഹരികള്‍ 6.06 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു. ജീവനക്കാര്‍ക്ക് അനുവദിച്ച ക്വാട്ടയുടെ 4.36 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ക്കുള്ളത് 1.97 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു. എല്‍ഐസിയുടെ മൂന്നര ശതമാനം ഓഹരികള്‍ വിറ്റ് 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
ഭിന്നശേഷിക്കാരനായ കുട്ടിയെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ശനിയാഴ്ച റാഞ്ചി വിമാനത്താവളത്തില്‍ ഭിന്നശേഷിക്കാരനായ കുട്ടി യാത്ര ചെയ്യുന്നത് തടഞ്ഞെന്നാണ് പരാതി. സംഭവത്തില്‍ ഇന്‍ഡിഗോ സിഇഒ മാപ്പപേക്ഷിച്ചിട്ടുണ്ട്.
പഞ്ചാബിലെ മൊഹാലിയില്‍ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിന്റെ മൂന്നാം നിലയില്‍ സ്ഫോടനം. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. ആക്രമണമാണോ എന്ന് അന്വേഷിച്ചുവരികയാണ്.
കുവൈറ്റില്‍ സ്പോണ്‍സറെയും ഭാര്യയെയും കൊലപ്പെടുത്തി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതിയെ 10 വര്‍ഷത്തിനു ശേഷം സിബിഐ പിടികൂടി. കുവൈറ്റ് പൗരനായ ഫഹദ് ബിന്‍ നാസര്‍ ഇബ്രാഹിം, ഭാര്യ സലാമ ഫരാജ് സലീം എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസില്‍ ലഖ്നോ സ്വദേശി സന്തോഷ് കുമാര്‍ റാണയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ടയാളുടെ വീട്ടുജോലിക്കാരനായിരുന്നു പ്രതി.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുമായി കൂടിക്കാഴ്ച്ച നടത്തി. ഊര്‍ജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഇന്ത്യ-ഖത്തര്‍ ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുമെന്നു വി. മുരളീധരന്‍ പറഞ്ഞു.
വയറിലൊളിപ്പിച്ച വന്‍ മയക്കുമരുന്ന് ശേഖരവുമായി പിടിയിലായ പ്രവാസി യുവാവിനെതിരെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 21 വയസുകാരനായ യുവാവ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് പിടിയിലായത്. ഇയാളുടെ ശരീരത്തില്‍ നിന്ന് 100 ലഹരി ഗുളികകളാണ് കണ്ടെടുത്തത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഒന്‍പതാം തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 52 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. കൊല്‍ക്കത്തക്കെതിരേ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ മുംബൈ 17.3 ഓവറില്‍ 113 റണ്‍സിന് പുറത്തായി.
കടക്കെണിയിലായ ഫ്യൂച്ചര്‍ ഗ്രൂപ്പ് 3,000 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരികള്‍ വില്‍ക്കുന്നു. പാപ്പരത്വ നടപടികളില്‍ നിന്നും രക്ഷ നേടാനാണ് ഈ വിറ്റഴിക്കല്‍. ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിലെ 25 ശതമാനം ഓഹരികള്‍ 1,266.07 കോടി രൂപയ്ക്ക് സംയുക്ത സംരംഭ പങ്കാളിയായ ജനറലി ഗ്രൂപ്പിന് വിറ്റിരുന്നു. ഈ ഇടപാടിനു ശേഷവും ഫ്യൂച്ചര്‍ എന്റര്‍പ്രൈസസിന് എഫ്ജിഐഐസിഎല്ലില്‍ 24.91 ശതമാനം ഓഹരി ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. അടുത്ത 30-40 ദിവസത്തിനുള്ളില്‍ ഫ്യൂച്ചര്‍ ജെനറലിയിലെ അവശേഷിക്കുന്ന 25 ശതമാനം ഓഹരികളും 1,250 കോടി രൂപയ്ക്ക് വില്‍ക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായത്തിന് പ്രചോദനമേകുന്ന പദ്ധതിയുമായി ടൊയോട്ട. ഇന്ത്യയില്‍ നിന്ന് ഇവി പാര്‍ട്‌സുകള്‍ നിര്‍മിക്കാന്‍ 48 ബില്യണ്‍ രൂപ (624 ദശലക്ഷം ഡോളര്‍) യുടെ നിക്ഷേപത്തിനാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ടൊയോട്ട കിര്‍ലോസ്‌കര്‍ ഓട്ടോ പാര്‍ട്‌സും കര്‍ണാടകയുമായി 41 ബില്യണ്‍ രൂപ നിക്ഷേപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചതായി ടൊയോട്ട വ്യക്തമാക്കി. ടൊയോട്ട ഇന്‍ഡസ്ട്രീസ് എഞ്ചിന്‍ ഇന്ത്യയാണ് ബാക്കി ഏഴ് ബില്യണ്‍ രൂപയുടെ നിക്ഷേപം നടത്തുന്നത്.
ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമ 'സീതാ രാമത്തിന്റെ ചെറു ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പാട്ടിന്റെ ടീസര്‍ പുറത്തുവിട്ടു. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജമ്മു കശ്മീരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. 'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. 'അഫ്രീന്‍' എന്ന കഥാപാത്രമായി രശ്മിക മന്ദാനയും അഭിനയിക്കുന്നു.
ദിലീഷ് പോത്തന്‍ , മാത്യു തോമസ്, അജു വര്‍ഗീസ് , സൈജു കുറുപ്പ് ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' ജൂണ്‍ 17 മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ബജാജ് ഓട്ടോ ഇന്ത്യയില്‍ പള്‍സര്‍ എന്‍250, എഫ്250 എന്നിവയുടെ വില ഏകദേശം 4,000 രൂപ വര്‍ധിപ്പിച്ചു. വര്‍ദ്ധനയെത്തുടര്‍ന്ന്, ബജാജ് പള്‍സര്‍ എന്‍250 ന് ഇപ്പോള്‍ 1.43 ലക്ഷം രൂപയാണ് വില. എഫ്250 ന് 1.45 ലക്ഷം രൂപയാണ് വില. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബജാജ് പള്‍സര്‍ 250 ന്റെ വില വര്‍ധിപ്പിക്കുന്നത്. അവസാനമായി ഫെബ്രുവരിയില്‍ 1,000 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്