പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | മെയ് 18 | ബുധൻ | 1197 | എടവം 4 | തൃക്കേട്ട, മൂലം.
വിലക്കയറ്റവും നാണ്യപ്പെരുപ്പവും റിക്കാര്‍ഡോടെ കുതിക്കുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 15.38 ശതമാനമായി ഉയര്‍ന്നു. 17 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ധിച്ചതാണു കാരണം. മാര്‍ച്ചു മാസത്തില്‍ 14.55 ശതമാനമായിരുന്നു നാണ്യപ്പെരുപ്പ നിരക്ക്.
സംസ്ഥാനത്തെ അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധംമൂലം ദേശീയപാതയോരത്തുനിന്നും മാറ്റിയതുമായ മദ്യശാലകളാണ് വീണ്ടും തുറക്കുന്നത്.
ഇന്നും തീവ്ര മഴ. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും കേരളത്തിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് കൂടുതല്‍ മഴ പെയ്യിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്. കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. രണ്ടു കോര്‍പ്പറേഷന്‍, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 182 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 78.24 ശതമാനമായിരുന്നു പോളിംഗ്.
സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു പത്തു വര്‍ഷത്തെ പരിചയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹെവി ലൈസന്‍സും വേണം. വെറ്റിലമുറുക്ക്, ഹാന്‍സ്, മദ്യം എന്നിവയടക്കമുള്ള മയക്കുമരുന്ന് ഉപയോഗിക്കന്നവരോ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരോ ആകരുത്. വെള്ള ഷര്‍ട്ടും കറുത്ത പാന്റും തിരിച്ചറിയില്‍ കാര്‍ഡും ധരിക്കണം. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഈ നിബന്ധനകള്‍.
ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ, തദ്ദേശ മന്ത്രിമാര്‍. ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂളുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ തുറക്കലിന് എല്ലാം സജ്ജമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജൂണ് ഒന്നിന് കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തും.
മുഖ്യമന്ത്രിയെ പട്ടിയെന്നു വിളിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മലബാറിലെ ഒരു പ്രയോഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അറസ്റ്റു ചെയ്യട്ടെ. ഇതു വെള്ളരിക്ക പട്ടണമല്ല. സുധാകരന്‍ പറഞ്ഞു. ഇതേസമയം, മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് അധിക്ഷേപിച്ച സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ വിവാദം. ആറാം സെമസ്റ്റര്‍ ഫിസിക്സ് ബിരുദ പരീക്ഷയുടെ ചോദ്യങ്ങള്‍ സിലബസിനു പുറത്തുനിന്നുള്ളവയാണെന്നാണു പരാതി. ഇലക്റ്റീവ് പേപ്പറുകളായ മെറ്റീരിയല്‍ സയന്‍സ്, നാനോ സയന്‍സ് എന്നീ വിഷയങ്ങളിലെ ചോദ്യങ്ങളാണു സിലബസിനു പുറത്തുനിന്നു ചോദിച്ചതെന്ന് അധ്യാപകര്‍ ആരോപിച്ചു. നാനോ സയന്‍സിന്റെ ചോദ്യ പേപ്പറില്‍ രണ്ടു ചോദ്യങ്ങള്‍ മാത്രമാണ് സിലബസില്‍നിന്ന് ഉണ്ടായതെന്നും അധ്യാപകര്‍ പറഞ്ഞു.
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഫായിസും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന സി മാധവനും അടക്കം 14 പേരാണ് പ്രതിള്‍. പ്രതിപ്പട്ടികയില്‍ മൂന്ന് വനിതകളും ഉള്‍പ്പെടുന്നു. ഫായിസ് അടക്കമുള്ള പ്രതികളുടെ 1.84 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 2015 ലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
മലപ്പുറം ജില്ലയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിലായി. കൂട്ടിലങ്ങാടി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുബ്രമണ്യനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അമ്മാവന്റെ പേരിലുള്ള സ്ഥലം ഈടുവച്ച് ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ പട്ടയരേഖ ശരിയാക്കുന്നതിനായി അപേക്ഷ നല്‍കിയ നിഥിന്റെ കൈയില്‍നിന്നാണ് അത്രയും തുക കോഴ വാങ്ങിയത്.
കൂളിമാട് കടവ് പാലത്തില്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്നു പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവെന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വിശദീകരണവം പരിശോധിക്കും. റോഡ് ഫണ്ട് ബോര്‍ഡും പാലത്തില്‍ പരിശോധന നടത്തും.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവിനെ പത്തനാപുരം പോലീസ് പിടികൂടി. രണ്ടു വര്‍ഷം മുന്‍പ് സൈന്യത്തില്‍നിന്നു മുങ്ങിയ ദിപക് പി ചന്ദ് ആണു പിടിയിലായത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ജോലിവാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപയാണ് ഇയാള്‍ തട്ടിയത്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ബോര്‍ഡ് വച്ച വാഹനത്തില്‍ സഞ്ചരിച്ചാണ് തട്ടിപ്പ് നടത്തിയത്.
കൊച്ചിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്റര്‍ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഷെറിന്റെ പങ്കാളിയെ പോലീസ് ചോദ്യം ചെയ്യും.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ വന്‍ മയക്കുമരുന്നു വേട്ട. 90 ഗ്രാം എം.ഡി.എം.എയും 10 എല്‍.എസ്.ഡി സ്റ്റാമ്പുമായി കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ലാവില്‍ മുനീര്‍ (25) എന്നിവരെ അറസ്റ്റു ചെയ്തു.
വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ ഫസ്നയും നിയമോപദേശം നല്‍കിയ മുന്‍ എഎസ്ഐ സുന്ദരനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലെന്നുമാണു ഹര്‍ജിയിലെ വാദം. കോടതി പൊലീസിന്റെ വിശദീകരണം തേടി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കെ റെയില്‍ വിരുദ്ധ സമരത്തിനെതിരെ പോലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കില്ല. കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്രം നല്‍കും.
തിരുവനന്തപുരത്തെ മണക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാന്‍ അനുമതി നല്‍കി. തത്കാലം രണ്ടു ബസുകളാണ് നല്‍കുന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാത്തതിനാലാണ് താത്കാലിക സംവിധാനമെന്ന് സ്ഥലത്തെ എംഎല്‍എകൂടിയായ മന്ത്രി ആന്റണി രാജു പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലെ പ്രളയത്തില്‍ പുഴയായി മാറിയ റോഡിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ മുങ്ങിയ നിലയിലായ സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഡ്രൈവര്‍ എസ് ജയദീപിനെ തിരിച്ചെടുത്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറെ ഏഴു മാസത്തിനുശേഷമാണ് തിരിച്ചെടുത്തത്. ഗുരുവായൂരിലേക്കു സ്ഥലം മാറ്റിയിട്ടുമുണ്ട്.
വടശേരിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അടൂര്‍ സ്വദേശി ജയിന്‍ സോളമന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2015 ലാണു സംഭവം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതിയാണു ശിക്ഷ വിധിച്ചത്.
കലഞ്ഞൂരില്‍ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പിഡിപ്പിച്ച കേസില്‍ കരുനാഗപള്ളി സ്വദേശി ഉണ്ണികൃഷ്ണന് 60 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത്.
ഫെഡറല്‍ ബാങ്ക് ജൂനിയര്‍ മാനേജ്മെന്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദംവരെ 60 ശതമാനം മാര്‍ക്കു നേടിയവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 58,500 രൂപ. അവസാന തീയതി മെയ് 23.
തടി കുറയ്ക്കാന്‍ ശരീരത്തിലെ കൊഴുപ്പു നീക്കുന്ന ശസ്ത്രക്രിയക്കു വിധേയയായ കന്നട ടെലിവിഷന്‍ താരം ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് 21 കാരിയായ ചേതന മരിച്ചത്.
ജ്ഞാന്‍വാപി മസ്ജിദ് സര്‍വ്വേ കമ്മീഷണര്‍ അജയ് മിശ്രയെ വാരാണസി കോടതി നീക്കം ചെയ്തു. സര്‍വേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്ന മുഖ്യ സര്‍വേ കമ്മീഷണറുടെ റിപ്പോര്‍ട്ടനുസരിച്ചാണു നടപടി. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു ദിവസം കൂടി കോടതി സാവകാശം നല്‍കി. ഇതേസമയം, മസ്ജിദില്‍ പ്രാര്‍ത്ഥന തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും.
1993 ലെ ബോംബെ ഭീകരാക്രമണ കേസ് പ്രതികളായ നാലു പേര്‍ ഗുജറാത്തില്‍ പിടിയില്‍. അബൂബക്കര്‍, യൂസഫ് ബത്തല, ഷോയബ് ബാബ, സയ്യദ് ഖുറേഷി എന്നിവരാണ് പിടിയിലായത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് രണ്ടുദിവസം മുമ്പ് വ്യാജ പാസ്പോര്‍ട്ടുമായി ഇവര്‍ പിടിയിലാവുകയായിരുന്നു. ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇവര്‍ക്കെതിരെ ഉണ്ടായിരുന്നു.
ഡല്‍ഹിയില്‍ 40 കോടി രൂപ വിലവരുന്ന ആറേകാല്‍ കിലോ ഹെറോയിനുമായി രണ്ടുപേരെ പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. രാകേഷ് കുമാര്‍ എന്ന റോക്കി, നൈജീരിയന്‍ സ്വദേശിയായ ഒബുംമെനെ വാച്ചുകോ എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് കണ്ണികളില്‍ അംഗങ്ങളായവരാണ് പിടിയിലായത്.
നാറ്റോയില്‍ അംഗത്വം തേടി കൂടുതല്‍ രാജ്യങ്ങള്‍. ഫിന്‍ലാന്റും സ്വീഡനുമാണ് അംഗത്വം തേടിയത്. റഷ്യയുമായി ആയിരക്കണക്കിന് കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്റ്. ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം റഷ്യന്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു. യുക്രെയിന്‍ നാറ്റോ അംഗത്വം തേടിയതോടെയാണ് റഷ്യ യുദ്ധം ആരംഭിച്ചത്. നാറ്റോ അംഗത്വത്തിനുള്ള ഇരു രാജ്യങ്ങളുടേയും ശ്രമത്തെ നാറ്റോ അംഗമായ തുര്‍ക്കി എതിര്‍ക്കുന്നുണ്ട്.
മണ്ണു സംരക്ഷിക്കൂവെന്ന സന്ദേശവുമായി മോട്ടോര്‍ സൈക്കളില്‍ ഉലകം ചുറ്റുന്ന യോഗ ഗുരുവും ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് റിയാദില്‍ എത്തി. മാര്‍ച്ച് 21 ന് ലണ്ടനില്‍നിന്ന് ആരംഭിച്ച് 27 രാജ്യങ്ങളിലൂടെ 36,000 കിലോമീറ്റര്‍ മോട്ടോര്‍സൈക്കിളില്‍ നടത്തുന്ന സവാരിക്കിടയിലാണ് അദ്ദേഹം റിയാദിലെത്തിയത്. കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യമനില്‍നിന്നുള്ള സയാമീസ് ഇരട്ടകളായ യൂസുഫിനേയും യാസീനേയും റിയാദില്‍ വിജയകരമായി വേര്‍പ്പെടുത്തി. ഒരു വര്‍ഷമായി റിയാദിലെ ആശുപത്രിയില്‍ നിരന്തരമുള്ള ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും ഒടുവില്‍ ഇന്നലെയാണ് വേര്‍പെടുത്തുന്ന ശസ്ത്രക്രിയ നടത്തിയത്.
ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. കോമണ്‍വെല്‍ത്ത് ട്രയല്‍സിനിടെ റഫറിയെ മര്‍ദിച്ചതിനാണ് വിലക്ക്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഹൈദരാബാദ് ജയിച്ചുകയറിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ 13 കളികളില്‍ നിന്ന് 12 പോയന്റുള്ള ഹൈദരാബാദ് പ്ലേ ഓഫിനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. 13-ല്‍ പത്തും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.
അമേരിക്കന്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള വന്‍ നീക്കവുമായി ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ്. ചെഗ് ഇന്‍കോര്‍പ്പറേറ്റ് അല്ലെങ്കില്‍ 2 യു ഇന്‍കോര്‍പ്പറേറ്റിനെ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകളാണ് ബൈജൂസിന്റെ അണിയറയില്‍ നടക്കുന്നത്. ഇതിന്റെ മുന്നോടിയായി ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനി, കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ചെഗ്, ലാന്‍ഹാം മേരിലാന്‍ഡ് ആസ്ഥാനമായുള്ള 2യു എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടിന്റെ ആകെ മൂല്യം ഏകദേശം 2 ബില്യണ്‍ ഡോളര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കണക്കുകള്‍ പ്രകാരം 2.3 ബില്യണ്‍ ഡോളറാണ് ചെഗ്ഗിന്റെ വിപണി മൂല്യം. അതേസമയം 2 യുവിന്റെ വിപണി മൂല്യം 756 ദശലക്ഷം ഡോളറും മറ്റ് കടബാധ്യതകള്‍ ഒരു ബില്യണ്‍ ഡോളറുമാണ്. 22 ബില്യണ്‍ ഡോളറാണ് ബൈജൂസിന്റെ മൂല്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്