പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് 20 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ യുവതികൾ ഉൾപ്പെടെ നാല്പേർ അറസ്റ്റിൽ.
അടിമാലി പൊളിഞ്ഞപാലം പുറപ്പാറയിൽ സരിത എൽദോസ്(39), കോട്ടയം കണക്കാരി പട്ടിത്താനം ചെരുവിൽ ശ്യാമളകുമാരി പുഷ്കരൻ(സുജ 55), മകൻ വിമൽ പുഷ്കരൻ (29) ബന്ധു കോട്ടയം കണക്കാരി പട്ടിത്താനം ചെരുവിൽ ജയകുമാർ കുട്ടൻ (42) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി സ്വദേശികളായ ജയൻ, ഷിജു, പീറ്റർ, മത്തായി, രാജേഷ് എന്നിവരിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. ഇവരുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ കൂടുൽ പേർ ഇരയായിട്ടുണ്ടെന്നാണ് വിവരം.
 |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക
|
മുഖ്യപ്രതിയായ ജയകുമാർ അടിമാലിയിൽ ടാക്സി ഓട്ടോ ഒടിക്കുന്ന സരിതയുമായി പരിജയപ്പെട്ടു. തുടർന്ന് പണം ഇരട്ടിപ്പിക്കുന്നതിനെപ്പറ്റിയും വിദേശത്ത് ഉൾപ്പെടെ ഷെയർമാർക്കറ്റിംഗ് നടത്തുന്നതിനെകുറിച്ചും സരിതക്ക് ക്ലാസ് എടുക്കുകയും വേഗത്തിൽ പണം ഇരട്ടിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചു .കൂടാതെ വൻതുക കമ്മിഷനും വാഗ്ദാനം നൽകി. ഇതോടെ അടിമാലിയിൽ പ്രവർത്തിക്കാൻ സരിത തയ്യാറായി. പിന്നീട് സഹായായി ശ്യാമളകുമാരി, വിമൽ എന്നിവരെ അടിമാലിയിലെത്തിച്ച് സരിതക്കൊപ്പം പ്രവർത്തിക്കാൻ അവസരം നൽകി.
ടൗണിലെ ഓട്ടോ ഡ്രൈവറായതിനാൽ സരിതക്ക് ധാരാളം പേരുമായി പരിചയമുണ്ടായിരുന്നു. തുടർന്ന് ഇവർ മുഖാന്തിരമാണ് പരാതിക്കാരിൽ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്തത്. ജയകുമാർ നിർദ്ദേശിക്കുന്ന അക്കൗണ്ടിലൂടെയാണ് പണം നഷ്ടമായവർ നൽകിയത്. തുടക്കത്തിൽ ചിലർക്ക് ഇരട്ടി പണം നൽകിയെങ്കിലും പിന്നീട് പണം നൽകാതായി മോറിസ് കൊയിൻ മാതൃകയിലായിരുന്നു ഇവരുടെ തട്ടിപ്പ്.
നൽകുന്ന പണം അഴ്ചയിലും മാസത്തിലും അക്കൗണ്ടിൽ ഗഡുക്കളായി ഇടപാടുകാരുടെ അക്കൗണ്ടിൽ തിരികെ എത്തുമെന്നും 10 മാസം കൊണ്ട് നിക്ഷേപിക്കുന്ന തുക ഇരട്ടിയായി എത്തുമെന്നുമാണ് ഇടപാടുകാരെ വിശ്വസിപ്പിച്ചത്. സരിതക്ക് പുറമെ വേറെയും എജന്റുമാർ ഉണ്ടെങ്കിലും മറ്റാരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടന്നതായി വിവരമുണ്ട്. വീട്ടമ്മമാരും തൊഴിലുറപ്പ് തൊഴിലാളികളും അയൽകൂട്ട സംഘങ്ങളും ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പിന് ഇരയായതായി വിവരമുണ്ട്.
ജയകുമാർ കോട്ടയം ജില്ലയിലും സമാനമായ തട്ടിപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇടുക്കി എ.എസ്.പി രാജ്പ്രസാദിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. അടിമാലി സ്റ്റേഷനിലെ എസ്.ഐമാരായ അബ്ദുൾഖനി , ടി.പി.ജൂഡി, നൗഷാദ്, അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Also Read: ഇടുക്കിയിലെ വ്യാജ പട്ടയഭൂമിയിൽ കരം അടപ്പിച്ചു; വിജിലൻസ് റിപ്പോർട്ടിനെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
സന്ദർശിക്കുക. www.honesty.news