സംസ്ഥാനത്ത് മത്തിക്ക് ക്ഷാമം. കടലിലെ ലഭ്യതകുറവിനൊപ്പം ട്രോളിംഗ് കൂടി എത്തിയതോടെയാണ് മത്തി കിട്ടാക്കനിയായത്. കടലിൽ ഇറങ്ങുന്ന ചുരുക്കം വള്ളങ്ങളിൽ നിന്ന് മത്തി കിട്ടുമെങ്കിലും ഇരുനൂറ്റിയമ്പത് മുതൽ മൂന്നൂറ്റി ഇരുപത് രൂപ വരെയാണ് വിപണി വില.

മലയാളിയുടെ മീൻ സംസ്കാരത്തിന്റെ നട്ടെല്ലാണ് മത്തി അല്ലെങ്കിൽ ചാള . ഒരു കാലത്ത് നമുക്ക് ഏറ്റവും വിലകുറവിൽ ഏറ്റവും സാധാരണമായി കിട്ടിയിരുന്ന മത്തി ഇന്ന് കണികാണാൻ പോലുമില്ലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ട്രോളിംഗ് നിരോധനത്തിന് മുമ്പ് മത്തി കിലോയ്ക്ക് 100 മുതൽ 140 രൂപ വരെയായിരുന്നു വില. എന്നാൽ ഇപ്പോൾ മത്തി ഭാഗ്യമുണ്ടേൽ കിട്ടിയാൽ കിട്ടി. കൊടുക്കേണ്ടതോ , 300-350 രൂപയും. അയല 260 രൂപ, വലിയ ചെമ്മീൻ 550 രൂപ, ചെറിയ ചെമ്മീൻ - 280 രൂപ, കൊഴുവ - 200 രൂപ, രോഹു - 200 രൂപ എന്നിങ്ങനെ നിരക്ക് പോകുമ്പോഴാണ് മത്തി 300 കടന്നത്. ട്രോളിംഗ് നിരോധനം ഒരു കാരണം. എന്നാൽ പ്രധാനമായും കാലാവസ്ഥ വ്യതിയാനമാണ് നമ്മുടെ മത്തിയെ ആകെ പിടിച്ചുലയ്ക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കേരളത്തീരത്ത് നിന്ന് ഗുജറാത്ത് തീരത്തേക്കും മറ്റിടങ്ങളിലേക്കും മത്തി കൂട്ടമായി പലായനം ചെയ്യുകയാണ്. പസഫിക് സമുദ്രത്തിലെ ചൂട് കൂടുന്നതും അറേബ്യൻ കടലിലെ മത്തിയുടെ ആവാസവ്യവസ്ഥതയെ ബാധിക്കുന്നതിന്റെ കാരണമാണ്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഈ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് കൊച്ചിയിലെ സിഎംഎഫ്ആർഐ നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം കേവലം 3,297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായി.
മത്തിയുടെ ലഭ്യതയിൽ 1994 -ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറഞ്ഞത്. സാധാരണ മത്തി കുറഞ്ഞാൽ അയല കൂടുമെന്ന പൊതുകണക്കും ഇപ്പോൾ തെറ്റുകയാണ്. കാലാവസ്ഥാ വ്യതിയാനം കടലിനെയാകെ ഉലയ്ക്കുകയാണ്. ഈ മാസം 31ന് ട്രോളിംഗ് നിരോധനം അവസാനിക്കും. അത് കഴിഞ്ഞാൽ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന കണക്കുകൂട്ടലിലാണ് തീരദേശ മേഖല.
Also Read: മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (14-ജൂലൈ-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ. |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്