സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വിദേശ യുവാവ് അധ്യാപികയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തു. കള്ളക്കടത്ത് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണയായി 12 ലക്ഷം രൂപ ഇടുക്കി തൊടുപുഴ സ്വദേശിനിയായ അധ്യാപികയിൽനിന്ന് തട്ടിയെടുത്തത്.

സംഭവത്തിൽ അധ്യാപിക നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. അപ്രതീക്ഷിതമായാണ് യുവാവുമായി അധ്യാപിക പരിചയത്തിലാകുന്നത്. ഇവരുടെ പരിചയം ഉറ്റബന്ധത്തിലേക്ക് മാറി. ഇതോടെ യുവാവ് അധ്യാപികയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയയ്ക്കുകയാണെന്ന് അറിയിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോൾ എയർപോർട്ട് കസ്റ്റംസിൽനിന്നാണെന്നും വിലപിടിപ്പുള്ള സാധനങ്ങൾ വിദേശത്തുനിന്ന് എത്തിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട് അധ്യാപികയ്ക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു. ഈ സമ്മാനം ഏറ്റുവാങ്ങാനായി കസ്റ്റംസ് ഡ്യൂട്ടിയായി അഞ്ചു ലക്ഷം രൂപ അടയ്ക്കണമെന്ന അറിയിപ്പും അധ്യാപികയ്ക്ക് ലഭിച്ചു.

ഫോൺ സന്ദേശത്തിൽ നിർദേശിച്ച അക്കൌണ്ടിലേക്ക് അധ്യാപിക പണം കൈമാറി. എന്നാൽ കള്ളക്കടത്ത് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും സന്ദേശം ലഭിച്ചു. കേസ് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തു പലതവണയായി ഏഴു ലക്ഷം രൂപ കൂടി അധ്യാപിക കൈമാറി. സംഗതി ഇത്രയുമായപ്പോൾ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനോട് അധ്യാപിക വിവരം പറഞ്ഞു. ഇതോടെയാണ് താൻ തട്ടിപ്പിന് ഇരയായതെന്ന അധ്യാപികയ്ക്ക് മനസിലായത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




