വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും കൃഷിഭവനും ഹോർട്ടിക്കോർപ്പും സംയുക്തമായി നടത്തുന്ന ഓണസമൃദ്ധി 2022 'കർഷക ചന്ത' തടിയമ്പാട് സഹകരണ ബാങ്കിന്റെ എക്കോഷോപ്പിൽ ആരംഭിച്ചു. സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. കെ. വിജയൻ കർഷക ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു.

7-ാം തിയതി (ബുധൻ) വരെ കർഷക ചന്ത പ്രവർത്തിക്കും. മറയൂർ ശർക്കര, നാടൻ പച്ചക്കറികൾ, ശർക്കര വരട്ടി, ചിപ്സ് തുടങ്ങിയവ ഇവിടെ ലഭിക്കും. നാടൻ പച്ചക്കറികൾ വിപണി വിലയെക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ ഇവിടെ വിൽപ്പന നടത്തും. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി വിലയെക്കാൾ പരമാവധി 20 ശതമാനം വരെ അധിക വിലയും നൽകും. ചടങ്ങിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം സിജി ചാക്കോ, കൃഷി ഓഫീസർ ലിനറ്റ് ജോർജ്, കൃഷി അസിസ്റ്റന്റ്. സി എസ്. ദയ തുടങ്ങിയവർ പങ്കെടുത്തു.
രാജാക്കാട് പഞ്ചായത്തിന്റേയും കൃഷി ഭവന്റെയും നേതൃത്വത്തിൽ രാജാക്കാട് ടൗണിൽ ആരംഭിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സതി ഉദ്ഘാടനം ചെയ്തു. 10 ശശതമാനം വില കൂടുതൽ നൽകി തദ്ദേശീയ കർഷകരിൽ നിന്നും വാങ്ങിയ പച്ചക്കറിയുൾപ്പെടെയുള്ള ഉൽപന്നങ്ങൾ 30 ശതമാനം വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതെന്ന് കൃഷി ഓഫീസർ റജബ് കെ.കലാം പറഞ്ഞു.
വില വർദ്ധനവ് പിടിച്ചു നിർത്തുന്നതിനായി ഓണ വിപണികളിലേക്ക് ആവശ്യമായ പഴം- പച്ചക്കറികൾ പരമാവധി അതതു ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിച്ച് വിപണിയിലെത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. കേരളത്തിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ, ഇതര സംസ്ഥാനങ്ങളിലെ കർഷക ഗ്രൂപ്പുകൾ വഴിയും വിപണിയിൽ എത്തിക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





