ഇന്ന് വൈകുന്നേരമാണ് ടൗണിൽ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. റോഡിലേക്ക് ഇറക്കി വാഹനങ്ങൾ ഇരുവശങ്ങളിലും പാർക്ക് ചെയ്തതാണ് ഗതാഗത തടസ്സത്തിന് കാരണം.

ഓണക്കാലം ആയതോടെ ടൗണിലെ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. രാവിലെയും വൈകിട്ടും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആംബുലൻസുകൾ അടക്കം ഇതിൽപ്പെട്ട് പോകും. ടാക്സി സ്റ്റാൻഡ് ഇല്ലാത്തതിനാൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ടൗണിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. കച്ചവടക്കാരുടെ വാഹനങ്ങളുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് വഴിയോരത്ത് തന്നെയാണ്. ഇതിനു പുറമേ റോഡിന് ഇരുവശത്തും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും കൂടി പാർക്ക് ചെയ്യുന്നതോടെ തിരക്ക് പൂർണമാകും. കാൽനട യാത്രക്കാർക്കുള്ള നടപ്പാത കൂടി കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ യാത്രക്കാർ റോഡിലേക്ക് ഇറങ്ങിനടക്കാൻ നിർബന്ധിതരാകുകയാണ്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കരണമാവുകയുമാണ്. അനധികൃത പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വണ്ടികൾ തോന്നുന്നിടത്ത് പാർക്ക് ചെയ്യുന്ന സ്ഥിതിയാണിപ്പോൾ.
ചെറുതോണി ടൗണിലൂടെ ദിവസേന വിവിധ പ്രദേശങ്ങളിലേക്ക് നൂറുകണക്കിനു ബസുകളും ചെറുവാഹനങ്ങളും വന്നുപോകുന്നുണ്ട്. സ്വകാര്യ ബസുകൾക്ക് പാർക്കുചെയ്യാൻ സ്ഥല സൗകര്യമില്ലാത്തതിനാൽ ടൗണിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഓണക്കാലമായതിനാൽ വിനോദസഞ്ചാരികളുടേത് അടക്കമുള്ള ആളുകളുടെ വാഹനങ്ങൾ വരും ദിവസങ്ങളിൽ ചെറുതോണിയിലേക്ക് എത്തുമ്പോൾ ഗതാഗത തടസ്സം വീണ്ടും രൂക്ഷമാകും. റോഡിന് ഇരു വശവുമുള്ള അനധികൃത പാർക്കിങ് നിയന്ത്രിച്ച് ഗതാഗതം സുഗമമാക്കുവാൻ പൊലീസ് ,ആർ.റ്റി.ഒ, പഞ്ചായത്ത് അധികൃതർ എന്നിവർ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല എന്ന് ആക്ഷേപം ഉയരുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്






