
നെടുങ്കണ്ടം പൊന്നാമലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. ഇന്ന് രാവിലെ പ്രദേശത്ത് പുല്ല് ചെത്തുവാനായിപ്പോയ വീട്ടമ്മയാണ് രണ്ട് പുലികളെ കണ്ടതായി നാട്ടുകാരെയും വനം വകുപ്പിനെയും വിവരമറിയിച്ചത്. പൊന്നാമല പള്ളിമനക്കൽ അമ്പിളിയാണ് പുലികളെ കണ്ടതായി പറയുന്നത്. പാറക്കെട്ടിനോട് ചേർന്നുള്ള പുരയിടത്തിൽ നിന്ന അമ്പിളി മൃഗങ്ങളെ കണ്ട് നിലവിളിച്ച് ഓടുകയായിരുന്നു.
സമീപത്ത് തന്നെ അമ്പിളിയുടെ ഭർത്താവും ഉണ്ടായിരുന്നു. ഇരുവരുടെയും നിലവിളി കേട്ട് സമീപ വാസികളും ഓടിയെത്തി. ഈ സമയം മൃഗങ്ങൾ കാട്ടിലേക്ക് മറഞ്ഞിരുന്നതായും അമ്പിളി വെളിപ്പെടുത്തുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കല്ലാർ, ചിന്നാർ ഫോറസ്റ്റ് സെക്ഷൻ ഓഫിസിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധനകൾ നടത്തിവരികയാണ്. പുൽമേടുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ പുലിയുടെ കാൽപ്പാട് കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
പൂച്ചപ്പുലിയെന്ന പ്രാഥമീക നിഗമനത്തിലാണ് വനം വകുപ്പ്. രണ്ടുദിവസം മേഖലയിൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.അതേസമയം വീട്ടമ്മ പുലിയെ കണ്ടതായി ഉറപ്പിച്ച് പറഞ്ഞതോടെ പ്രദേശവാസികളും ഭീതിയിലാണ്. വിഷയത്തിൽ കാര്യക്ഷമമായ ഇടപെടൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും നാട്ടുകാരുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്