HONESTY NEWS ADS

Electro Tech Nedumkandam

 

ഇടുക്കി കാൽവരിമൗണ്ടിൽ വിധവയായ വീട്ടമ്മയ്‌ക്കെതിരെ വനസംരക്ഷണ സമിതിയുടെ നീതി നിഷേധം; റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈ.എസ്.പിക്ക് ഹൈക്കോടതി നിർദ്ദേശം

ഇടുക്കി കാൽവരിമൗണ്ടിൽ വിധവയായ വീട്ടമ്മയ്‌ക്കെതിരെ വനസംരക്ഷണ സമിതിയുടെ നീതി നിഷേധം

ഇടുക്കി കാൽവരിമൗണ്ട് വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് കോഫി ഷോപ്പും പാർക്കിങ് സൗകര്യവും നടത്തുന്ന വിധവയായ വീട്ടമ്മയ്ക്കെതിരെ വനസംരക്ഷണ സമിതി നടത്തുന്ന നീതി നിഷേധത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈ.എസ്.പിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. കാൽവരിമൗണ്ട് കാപ്പുംചാലിൽ മണിയമ്മയാണ് (54) സമിതിയുടെ ഏകാധിപത്യ നടപടിയിൽ ദുരിതമനുഭവിക്കുന്നത്.  
ഇവരുടെ കോഫി ഷോപ്പിലേയ്ക്കും പാർക്കിങ് ഏരിയയിലേയ്ക്കും ചെല്ലുന്ന സഞ്ചാരികളെ ഇടയ്ക്കു വച്ച് വനസംരക്ഷണ സമിതി അംഗങ്ങൾ തടയുന്നത് പതിവായിരുന്നു. ജീവിതം വഴി മുട്ടിയതോടെ ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

15 വർഷം മുൻപാണ് മണിയമ്മയുടെ ഭർത്താവ് രാജപ്പൻ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. 2008ഫെബ്രുവരി 20ന് രാജപ്പന്റെ പശു വനത്തിനുള്ളിൽ കയറിയതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് കട്ടപ്പനയിൽനിന്ന് സ്വകാര്യ വാഹനത്തിൽ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്ക് പോകുംവഴി ഇയാൾ വാഹനത്തിൽനിന്ന് താഴെവീണു. തുടർന്ന് പരുക്കുപറ്റി ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഈ കേസിന് തുടരന്വേഷണം ഉണ്ടായില്ല. ഏകമകളോടൊപ്പം പിന്നീടുള്ള മണിയമ്മയുടെ ജീവിതം ദുരിതപൂർണമായിരുന്നു.

പിന്നീട് ജീവിതമാർഗം എന്ന നിലയിലാണ് സ്വന്തം പേരിലുള്ള സ്ഥലത്ത് പാർക്കിങ് ക്രമീകരണവും ശീതളപാനീയ കടയും തുടങ്ങുന്നത്. ഇതിനോട് ചേർന്ന് വനം വകുപ്പിന്റെ പാർക്കിങ് ഉണ്ട്. അവിടെ സഞ്ചാരികൾ കയറാതെ വന്നപ്പോൾ വനം വകുപ്പ്, സംരക്ഷണ സമിതി അംഗങ്ങളെ ഉപയോഗിച്ച് മണിയമ്മയുടെ പാർക്കിങ്ങിലേക്കും കടയിലേക്കുമുള്ള വഴി ബ്ലോക്ക് ചെയ്തു. ഇതേത്തുടർന്നാണ് നിജസ്ഥിതി കാണിച്ച് വനംവകുപ്പിനും സംരക്ഷണസമിതിക്കുമെതിരെ ഹൈക്കോടതിയിൽ പരാതി കൊടുത്തത്

തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തങ്കമണി സി.ഐയ്ക്ക് കോടതി നിർദ്ദേശം നൽകി. എന്നാൽ റിപ്പോർട്ടിൽ വനസംരക്ഷണ സമിതിക്ക് അനുകൂല നിലപാടാണ് സി.ഐ രേഖപ്പെടുത്തിയതെന്ന് പറയുന്നു. സി.ഐയുടെ അന്വേഷണം പര്യാപ്തമല്ലെന്ന് കണ്ടാണ് പരാതി പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി കട്ടപ്പന ഡിവൈ.എസ്.പിക്ക്  നിർദ്ദേശം നൽകിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS