
കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നത്ത് നാടിറങ്ങിയ കാട്ടുപോത്ത് കിണറ്റിൽ വീണു. ഇടക്കുന്നം സിഎസ്ഐ പള്ളിക്കു സമീപം കൊച്ചു വീട്ടിൽ ഷിബുവിന്റെ പുരയിടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് കാട്ടു പോത്ത് അകപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാലും ജനക്കൂട്ടം തടിച്ചുകൂടിയതിനാലും പോത്തിനെ പുറത്തെത്തിക്കാനുള്ള നടപടികൾ വൈകി. പോത്തിന് 1000 കിലോയിലേറെ തൂക്കം ഉണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
കിണറ്റിൽ വീണത് 1000 കിലോയിലേറെ തൂക്കമുള്ള കാട്ടുപോത്ത്. വീഡിയോ കാണാം.
കാട്ടുപോത്തിനെ കാണാനായി നാട്ടുകാർ സ്ഥലത്തെത്തിയതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി പുലർച്ചെ 3:00 മണിക്ക് ശേഷമാണ് രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചത്. കിണറ്റിലെ ജലം മോട്ടർ ഉപയോഗിച്ച് വറ്റിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ലോറിയുടെ 25 ടയറുകൾ എത്തിച്ച് കിണറ്റിൽ ഇറക്കി പോത്തിനെ അതിൽ നിർത്തുകയായിരുന്നു. 35 അടി താഴ്ചയുള്ള കിണറിൽ നിന്നും ക്രെയിൻ മാർഗം പോത്തിനെ പുറത്തെടുക്കാൻ സാധിക്കില്ലായിരുന്നു. തുടർന്ന് ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് 20 അടിയോളം താഴ്ചയിൽ കുഴികുത്തി കിണർ ഇടിച്ചാണ് കാട്ടുപോത്തിനെ പുറത്തെത്തിച്ചത്.
പീരുമേട്ടിൽ നിന്നും റാപ്പിഡ് ആക്ഷൻ ഫോഴ്സ് അംഗങ്ങളും, പെരിയാർ ടൈഗർ ഫോഴ്സും, വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. രാവിലെ ആറരയോടെ ദൗത്യം പൂർത്തിയാക്കി കാട്ടുപോത്തിനെ വനപാലകർ കാട്ടിലേക്ക് വിരട്ടി ഓടിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ബയോമെഡിക്കൽ എൻജിനീയർ ജലാലുദ്ദീൻ ജമാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
തിങ്കളാഴ്ച ഇടക്കുന്നം ഭാഗത്ത് പോത്തിനെ പലരും കണ്ടിരുന്നു. വനമേഖലയിൽ നിന്ന് സമീപത്തെ റബർ എസ്റ്റേറ്റുകളിലൂടെ കാട്ടുപോത്ത് ഇവിടെയെത്തിയതാകാമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പശുതൊഴുത്തിൽ കയറിയ കാട്ടുപോത്തിനെ വീട്ടുകാർ ബഹളം വച്ച് ഓടിച്ചിരുന്നു. വനപാലകർ സ്ഥലത്ത് എത്തിയെങ്കിലും പോത്തിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിലാണ് കാട്ടുപോത്ത് കിണറ്റിൽ അകപ്പെട്ടത്.
കൂടുതൽ വാർത്തകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





