
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വാളറക്കുത്തിന് സമീപം എസ് വളവിലാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ആറരയോട് കൂടിയായിരുന്നു അപകടം. കോതമംഗലത്ത് നിന്നും അടിമാലിയിലേക്ക് വരുകയായിരുന്ന സ്വകാര്യബസും അടിമാലിയിൽ നിന്ന് നേര്യമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
റോഡിന്റെ വശത്തായി ആക്‌സിൽ തകരാറിൽ ആയതിനെത്തുടർന്ന് ടോറസ് ലോറി കിടപ്പുണ്ടായിരുന്നു. ഈ വാഹനത്തെ മറികടക്കുന്നതിനിടെ കാർ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നു. ഇവർക്ക് നിസ്സാരപരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഭാഗീകമായി ഗതാഗത തടസ്സം ഉണ്ടായി. ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.







