
കഴിഞ്ഞ ഞായറാഴ്ചയാണ് അനുമോളുടെ ഭർത്താവായ ബിജേഷ് സിം കാര്‍ഡ് ഊരിമാറ്റിയ ശേഷം മൊബൈല്‍ ഫോണ്‍ വിൽപ്പന നടത്തിയത്. മൃതദേഹം കണ്ടെത്തിയ മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തുവാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ നിർമ്മാണ തൊഴിലാളിയിൽ നിന്നും പോലീസ് ഫോൺ കണ്ടെത്തി.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കട്ടപ്പന വിദേശ മദ്യശാലയ്ക്ക് സമീപത്ത് വെച്ച് ബിജേഷ് 5000 രൂപക്ക് ഫോൺ വിൽപ്പന നടത്തിയതാണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഫോൺ വാങ്ങിയ വ്യക്തി ഫോണിലെ ഡേറ്റകൾ നീക്കം ചെയ്തതിനാൽ കേസിലെ സുപ്രധാന തെളിവുകൾ നഷ്ടമായി. ഭര്‍ത്താവ് നിരന്തരം തന്നെ പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു.കേസിലെ ഈ നിർണ്ണായക വിവരങ്ങൾ വീണ്ടെടുക്കാൻ പോലീസ് സൈബർ വിദക്തരുടെ സഹായം തേടിയിരിക്കുകയാണ്.
ഞായറാഴ്ച ഫോൺ വിൽപ്പന നടത്തിയ ശേഷമാണ് ഇയാൾ അനുമോളെ കാണാനില്ലെന്ന് കട്ടപ്പന പോലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കുമളി വനമേഖലയില്‍ നിന്ന് ഇയാളുടെ ഫോണ്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഫോണ്‍ ഉപേക്ഷിച്ച് ബിജേഷ് ഒളിവില്‍ പോയതിനാൽ ഇയാളെ കണ്ടെത്തുകയെന്നത് പൊലീസിന് ഏറെ വെല്ലുവിളിയാണ്. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവായ ബിജേഷ് തമിഴ്നാട്ടിലേക്ക് കടന്നതായും മറ്റ് സംസ്ഥാനങ്ങളിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് സൂചന.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുമോളുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെടുത്തത്. അനുമോള്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തരം ഗാര്‍ഹിക പീഡനം നേരിട്ടെന്നാണ് വിവരം. തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശമായ രീതിയില്‍ സംസാരിക്കുകയാണെന്നാണ് സന്ദേശം.
എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണമെന്നാണ് അനുമോള്‍ സന്ദേശത്തില്‍ അറിയിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








