
സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരെ അഴിമതി ആരോപണവുമായി ബോർഡ് അംഗം രംഗത്ത്. കട്ടപ്പന നഗരസഭ കൗൺസിലറും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവുമായ പ്രശാന്ത് രാജുവുവാണ് പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിക്കുന്നത്. നബാർഡിൽ നിന്നും കർഷകർക്ക് വായ്പ്പയായി നൽകുവാൻ ലഭിച്ച പണം വകമാറ്റി ചെലവഴിച്ചുവെന്നാണ് പ്രധാന ആരോപണം.
പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെയാണ് നിലവിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഗുതുതരമായ അഴിമതി ആരോപണവുമായി ബോർഡ് അംഗം കൂടിയായ പ്രശാന്ത് രാജു രംഗത്തെത്തിയിരിക്കുന്നത്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പ്രശാന്തിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ആരോപണം.കർഷകർക്ക് പലിശ രഹിത വായ്പ നൽകുവാനായി നബാർഡിൽ നിന്നും ലഭിച്ച കോടിക്കണക്കിന് രൂപ റിസോർട്ട് നിർമിക്കുന്നതിനായി ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി വകമാറ്റിയെന്നാണ് പ്രശാന്ത് രാജു ആരോപിക്കുന്നത്.
ഇത്തരത്തിലെ ക്രമക്കേടുകൾ മുൻപ് താൻ ചോദ്യം ചെയ്തിരുന്നതായും ഇതിനെതിരെ പ്രതികരിച്ചതാണ് തന്നെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് കാരണമെന്നും പ്രശാന്ത് രാജു കൂട്ടിച്ചേർത്തു. ബാങ്കിലെ ഇടപാടുകൾ കമ്മീഷൻ വ്യവസ്ഥയിലാണ് നടക്കുന്നതെന്നും പ്രശാന്ത് ആരോപിക്കുന്നു.
സ്ഥാനാർത്ഥികളെ നിർണയിച്ചത് പാർട്ടിയെ അറിയിക്കാതെയാണ്.ജില്ലാ നേതാക്കൾ ആരും അറിയാതെയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനമാണ് നടന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും കട്ടപ്പന നഗരസഭാ കൗൺസിൽ അംഗവുമായ തന്നെ ഒഴിവാക്കിയത് എന്തിനാണെന്ന് വ്യക്തമാക്കിയിട്ടില്ല. മൂന്ന് പതിറ്റാണ്ടുകളായി ഒരേയാളുകളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് അഴിമതിയുടെ കൂമ്പാരമായി ബാങ്ക് മാറിയെന്നും പ്രശാന്ത് രാജു വിമർശിച്ചു.
ഇന്ന് നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിൽ നിന്ന് ഇറങ്ങിപ്പോയ ശേഷമായിരുന്നു പ്രശാന്ത് രാജുവിന്റെ അഴിമതി ആരോപണം.യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴിയാണ് ബാങ്ക് പ്രസിഡന്റ്.ഈ മാസം 17 നാണ് വോട്ടെടുപ്പ് നടക്കുന്നത്.




