
മകൻ പ്രതിയായ വാഹന അപകട കേസിലെ പൊലീസ് കള്ളക്കളിയെ കുറിച്ച് ഉയർന്ന ആരോപണങ്ങളോട് മൗനം പാലിച്ച് ജോസ് കെ മാണി. കോട്ടയത്ത് നടന്ന കെ.എം.മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ മാണി മാധ്യമങ്ങൾക്കു മുന്നിൽ വരാൻ തയാറായില്ല. കെ.എം.മാണിയുടെ ഓർമ നിറഞ്ഞ വേദിയിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.
ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവനെടുത്ത അപകടം. അതിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് ഭരണമുന്നണിയിലെ പ്രധാന ഘടക കക്ഷിയുടെ നേതാവിന്റെ മകനും. അപകടത്തിനു പിന്നാലെ ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധന ഒഴിവാക്കാൻ എഫ് ഐ ആറിൽ പൊലീസ് കൃത്രിമം നടത്തി എന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടും മൗനം തുടരുകയാണ് കേരള കോൺഗ്രസ് എം.
തിരുനക്കരയിൽ കെ.എം.മാണി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജോസ് കെ മാണിയുടെ പ്രതികരണം മാധ്യമ പ്രവർത്തകർ ആരാഞ്ഞെങ്കിലും എം പി മാധ്യമങ്ങൾക്കു മുന്നിലെത്തിലെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവർ അറിയിച്ചു. ചെയർമാനു പകരം സംസാരിച്ച പാർട്ടി ലീഡർ കൂടിയായ മന്ത്രി റോഷി അഗസ്റ്റിനും അപകട കേസിലെ അട്ടിമറിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. കെ.എം.മാണിയുടെ ഓർമ നിലനിൽക്കുന്ന വേദിയിൽ മറ്റ് ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് പറഞ്ഞാണ് മന്ത്രി ഒഴിഞ്ഞു മാറിയത്.
ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാൻ അട്ടിമറികൾ ഒന്നും നടന്നിട്ടില്ലെങ്കിൽ എന്തുകൊണ്ട് കേരള കോൺഗ്രസ് എം നേതാക്കൾ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ല എന്ന സംശയവും ഇതോടെ ശക്തമാവുകയാണ്. സാധാരണ ഗതിയിൽ പൊലീസ് വീഴ്ചകളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ജോസ് കെ മാണിയുടെ മകൻ പ്രതിയായ കേസിലെ പൊലീസ് കള്ളക്കളിയെ പറ്റി മിണ്ടിയിട്ടില്ല എന്നതും ശ്രദ്ധേയം. ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ ഇട്ടതെന്നും മററു വീഴ്ചകൾ ഒന്നും ഉണ്ടായിട്ടില്ല എന്നുമുള്ള വിശദീകരണം ആവർത്തിച്ച് വിവാദം അവസാനിപ്പിക്കാനാണ് പൊലീസും ശ്രമിക്കുന്നത്.
ജോസ് കെ മാണി എംപിയുടെ മകൻ ഓടിച്ച വാഹനം സൃഷ്ടിച്ച അപകടം ഇല്ലാതാക്കിയത് ഒരു പാവപെട്ട കുടുംബത്തിന്റെ പ്രതീക്ഷകളെ കൂടിയാണ്. നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്ന സഹോദരൻമാരുടെ വിയോഗം ഉൾക്കൊള്ളാൻ ഇനിയും നാട്ടുകാർക്കായിട്ടില്ല. ജിസും ജിൻസും. നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ട സഹോദരൻമാരായിരുന്നു. ഇരുവരുടെയും വിയോഗം ഉൾക്കൊള്ളാൻ ആര്‍ക്കും കഴിയുന്നില്ല.
സഹോദരൻമാർക്ക് യാത്രാമൊഴി ഏകാൻ നാടൊന്നിച്ചാണ് ഇരുവരുടെയും വീട്ടിലെത്തിയത്. അഞ്ചുവർഷം മുമ്പ് വിവാഹിതരായ ജിസ് അൻസു ദമ്പതികൾക്ക് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറക്കാനിരിക്കെയാണ് ജിസിന്റെ വിയോഗം. മൂന്നു മാസം ഗർഭിണിയാണ് ജീസിന്റെ ഭാര്യ അൻസു. വാടകയ്ക്ക് താമസിക്കുന്ന ജിസിന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ഇതിനായി സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകിയിരുന്നു. പക്ഷേ അമിതവേഗത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ ആ കാർ സഹോദരൻമാരുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ് കടന്നു പോയി. വയോധികരായ മാതാപിതാക്കളും ജിസിൻറെ ഭാര്യയും പിറക്കാനിരിക്കുന്ന കുഞ്ഞും അടങ്ങുന്ന കുടുംബത്തെ അനാഥരാക്കി.
അതേസമയം വാഹനം നിയന്ത്രണം വിട്ടിരുന്നതായി ദൃക്സാക്ഷിയുടെ മൊഴി പുറത്തുവന്നിരുന്നു. ''ഞാൻ സുഹൃത്തുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. വണ്ടി പാളി മൂന്ന് പ്രാവശ്യം വട്ടംകറങ്ങി പോസ്റ്റിന് അടുത്തായി പോയി നിന്നു. ആ സമയത്താണ് ബൈക്കിൽ രണ്ട് പേർ വരുന്നത്. വാഹനമിടിച്ച് രണ്ട് പേരും നിലത്തേക്ക് വീണു. അപ്പോഴേക്കും ജോസ് കെ മാണിയുടെ ബന്ധു സ്ഥലത്തെത്തി. ഇപ്പോഴാണ് ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ചയാൾ പറഞ്ഞു''.- എന്നായിരുന്നു ജോമോൻ എന്നയാളുടെ മൊഴി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







