
കേരളത്തിൽ പ്രവർത്തിക്കുന്ന രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താനൊരുങ്ങി എക്സൈസ്. ആഫ്രിക്കൻ വംശജരുടെ സഹായത്തോടെ എറണാകുളം, ഇടുക്കി ജില്ലകളിലാണ് രാസലഹരി വൻ തോതിൽ നിർമ്മിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുടെ നിർമ്മാണമാണ് നടക്കുന്നത്. രാസലഹരി നിർമ്മാണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ മൂന്ന് മേഖലകളും, ഇടുക്കി ജില്ലയിലെ ഒരു മേഖലയും എക്സൈസിന്റെ നിരീക്ഷണ വലയത്തിലാണ്.
രാസലഹരി നിർമ്മിക്കുന്ന സ്ഥലങ്ങളിൽ മലയാളികൾക്കൊപ്പം ആഫ്രിക്കൻ വംശജരും ഉണ്ടെന്നാണ് സൂചന. ബെംഗളൂരുവിൽ താമസിക്കുന്ന ഇവരെ വലിയ തുക പ്രതിഫലം നൽകിയാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. 12 ഇനം രാസവസ്തുക്കൾ കൃത്യമായ അളവിലും അനുപാതത്തിലും ചേർത്താണ് എംഡിഎംഎയുടെ നിർമ്മാണം. ഇവയുടെ നിർമ്മാണത്തിൽ അതീവ വൈദഗ്ധ്യം ഉള്ളവരാണ് ആഫ്രിക്കക്കാർ. ഇതിനെ തുടർന്നാണ് ഇവരെ കേരളത്തിലേക്ക് എത്തിക്കുന്നത്.
കൃത്യമായ അളവിലും അനുപാതത്തിലും ചേർക്കുന്നതിലാണ് മിടുക്ക്. ഇതു തെറ്റിയാൽ ഉപയോഗിക്കുന്നയാളുടെ ജീവൻതന്നെ നഷ്ടപ്പെട്ടേക്കും. നിർമ്മിക്കുന്ന രാസലഹരി സ്വയം ഉപയോഗിച്ച് ഉറപ്പിച്ചു മാത്രമേ ആഫ്രിക്കൻ വംശജർ കൈമാറുകയുള്ളൂ. മലയാളികൾ ഇവരുടെ ശിഷ്യരായി കുക്കിംഗ് പഠിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എം.ഡി.എം.എ കുക്കിംഗിൽ വിദഗ്ദ്ധനായ ഒക്കാഫോർ ഇസേ ഇമ്മാനുവൽ എന്ന ആഫ്രിക്കൻ വംശജനെ കഴിഞ്ഞ ആഗസ്റ്റിൽ പാലാരിവട്ടം പൊലീസ് ബംഗളൂരുവിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് അതിസാഹസികമായി പിടികൂടിയിരുന്നു. ഇയാൾ ഇപ്പോഴും ജയിലിലാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







