
കാട്ടിറച്ചി കൈവശം വെച്ചെന്ന പേൽ കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവിന് നീതി വൈകുന്നു. നീതി കിട്ടുന്നില്ലെങ്കിൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് കാട്ടി ഇടുക്കി കണ്ണംപടി സ്വദേശി സരുൺ സജി മുഖ്യമന്ത്രിക്ക് കത്തയച്ചു. കൈവശമുണ്ടായത് പശു ഇറച്ചിയാണെന്ന് വ്യക്തമായിട്ടും കേസ് പിൻവലിക്കാതായതോടെയാണ് മുഖ്യമന്ത്രിയെ സമീപിച്ചത്.
കേസ് റദ്ദാക്കണമെന്ന തന്റെ ഹർജിയിൽ തടസവാദങ്ങൾ ഉദ്യോഗസ്ഥർ ഉന്നയിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ വേണ്ടത്ര സഹകരിക്കുന്നില്ലെന്നും കാട്ടിയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. കേസ് നീണ്ടുപോവുകയാണ്. പണമില്ലാത്തതിനാൽ കേസുമായി മുമ്പോട്ടുപോകാൻ വയ്യ. ഒരിടത്തും ജോലി കിട്ടുന്നില്ല. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും മുഖ്യമന്ത്രിക്ക് അയച്ച സങ്കട ഹർജിയിൽ ചൂണ്ടിക്കാട്ടി.
2022 സെപ്തംബർ മുതൽ കാട്ടിറച്ചി വിറ്റുവെന്ന് ആരോപിച്ചുള്ള കേസിൽ കുടുങ്ങിക്കഴിയുകയാണ് സരുൺ സജി. കിഴുകാനം ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ സ്ഥലത്തില്ലാതിരുന്ന തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയും ക്രൂരമായി മർദിച്ച് കുറ്റം ഏൽക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം. അന്വേഷണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയതാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി പട്ടിക വർഗ കമ്മീഷനും കേസെടുത്തിട്ടുണ്ടെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. അതേസമയം, കള്ളക്കേസുണ്ടാക്കിയ ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







