
എംപി ഡീൻ കുര്യാക്കോസിന്റെ മനോഭാവം എട്ടുകാലി മമ്മൂഞ്ഞിന്റെതിന് സമാനമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്. കേരളത്തിൽ ഒരു പാലം മാത്രമാണ് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു എങ്കിൽ അത് ഡീനിന്റെ ശ്രമഫലമായി എടുക്കാമായിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന് ഡീൻ കുര്യാക്കോസ് നന്ദി പറഞ്ഞതുപോലും സോഷ്യൽ മീഡിയയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രൊപ്പോസലുകളുടെ രേഖകൾ തെളിവായി വന്നതുകൊണ്ട് മാത്രമാണ് എന്നും സി വി വർഗീസ് ആരോപിച്ചു. തടിയമ്പാട് നടന്ന നയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി എം ബി സി നിലവാരത്തിലുള്ള റോഡുകൾ ഇടുക്കിക്കും ലഭിക്കുമെന്നു കാട്ടി തന്നതും, സെൻട്രൽ റോഡ് ഫണ്ട് ഉൾപ്പെടെ ഇടുക്കിയിൽ എത്തിച്ചത് ഉൾപ്പടൈ മുൻ എം പി ജോയ്സ് ജോർജിന്റെ ഭരണ മികവാണ്, കഴിഞ്ഞ നാലു വർഷമായി ഡീൻ കുര്യാക്കോസ് ഒരു പദ്ധതി പോലും ജില്ലയിൽ നടപ്പിലാക്കിയട്ടില്ല. താൻ പരാജയമാണ് എന്ന് തുറന്നു സമ്മതിച്ചു നിലപാട് സ്വീകരിക്കുവാൻ ഡീൻ കുര്യാക്കോസ് തയ്യാറാവണം എന്നും സി വി വർഗീസ് പറഞ്ഞു.
സിപിഎം ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടിയമ്പാടു നടന്ന നയ വിശദീകരണ യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം ജോർജ് പോൾ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡിറ്റാച് ജോസഫ് ,എം വി ബേബി,ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അരുൺ ദാസ് ,സിപിഎം മണിയാറംകുടി ലോക്കൽ സെക്രട്ടറി സുമേഷ് കുമാർ കെ തുടങ്ങിയവർ പ്രസംഗിച്ചു.







