
കട്ടപ്പനയിൽ തൊഴിലുടമയുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി കട്ടപ്പന സ്വദേശി ഇലവൻകുന്നിൽ ജോബി(30) ഇടുക്കി തൂക്കുപാലം സ്വദേശി മേലാട്ട് പ്രവീൺ (39) എന്നിവരാണ് പിടിയിലായത്. കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ (അൽഫോൻസാ ജോസഫ് ) പരാതിയിലാണ് അറസ്റ്റ്. ജോസഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജോബി.
ജോബിയും സുഹൃത്ത് പ്രവീണും ചേർന്ന് കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രവീൺ മുൻപ് പുളിയന്മലയിൽ ഏലയ്ക്ക സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലയ്ക്ക മോഷ്ടിച്ച കേസിലെ പ്രതിയാണ്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







