മൂന്നര കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ മൂവാറ്റുപുഴയിൽ പിടിയിലായി. ഇടുക്കി വണ്ണപ്പുറം കാളിയാർ സ്വദേശി കൊച്ചുവേലിക്കകത്ത് ലിബിൻ സെബാൻ (25), കടവൂർ തൊട്ടിമറ്റത്തിൽ എബിമോൻ (35) എന്നിവരാണ് പിടിയിലായത്. എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഡാൻസഫിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ പോലീസാണ് പ്രതികളെ പിടികൂടിയത്.
Also Read: തൊടുപുഴയ്ക്ക് സമീപം ഇടിമിന്നൽ; എട്ട് പാറമട തൊഴിലാളികൾക്ക് പരിക്ക്.
ആന്ധ്രപ്രദേശിൽ നിന്നും രണ്ടു ബാഗുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവുമായി പാലക്കാട് വരെ ട്രെയിനിലും പിന്നീട് മൂവാറ്റുപുഴക്ക് കെഎസ്ആർടിസി ബസിലുമായിരുന്നു പ്രതികളുടെ യാത്ര. ഇവർ മൂവാറ്റുപുഴ ബസ്സ്സ്റ്റാൻഡിൽ എത്തിയപ്പോൾ കാത്തു നിന്ന പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. മൂന്നര കിലോയോളം കഞ്ചാവും, ട്രെയിനിലും ബസ്സിലും യാത്ര ചെയ്യുമ്പോൾ കഞ്ചാവിന്റെ ഗന്ധം തിരിച്ചറിയാതിരിക്കാൻ ഉപയോഗിച്ച ചന്ദനത്തിരി, പൗഡർ അടക്കമുള്ള സാധനങ്ങളും പ്രതികളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
കഞ്ചാവ് കടത്തിയതിന് ആന്ധ്ര ജയിലിൽ ശിക്ഷ ലഭിച്ചിട്ടുള്ള ആളാണ് ലിബിൻ സെബാൻ.അതേസമയം നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയാണ് എബിമോൻ. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവിന്റെ മൊത്തവ്യാപാരം നടത്തുന്നവരാണ് പ്രതികൾ. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്