
കട്ടപ്പനയ്ക്ക് സമീപം മെഷീൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ കാല് മുറിഞ്ഞ് എസ്റ്റേറ്റ് സൂപ്പർ വൈസർ മരിച്ചു. വള്ളക്കടവ് ജ്യോതി നഗർ സ്വദേശി പുതിയപറമ്പിൽ തോമസ് ജോസഫ് (കുട്ടിച്ചൻ - 46 ) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ വണ്ടൻമേടിന് സമീപം മാലിയിൽ അതിഥി തൊഴിലാളികളോടൊപ്പം മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (11 മെയ് 2023).
മുറിച്ചിട്ട തടി കക്ഷണങ്ങൾ ചുമന്ന് കൊണ്ടു പോകുന്ന ജോലിയിലായിരുന്നു തൊഴിലാളികൾ. ഈ സമയം കുട്ടിയച്ചൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടെ ഇടത്തേ കാലിന്റെ തുടയിലേയ്ക്ക് അബദ്ധത്തിൽ വാൾ കൊണ്ട് മുറിയുകയായിരുന്നു. അപകടത്തിൽ 90 ശതമാനത്തോളം കാൽ മുറിഞ്ഞു. തൊഴിലാളികൾ തടി കൊണ്ടിട്ട് തിരികെ വരുമ്പോൾ മുറിവേറ്റ് കിടക്കുന്ന കുട്ടിച്ചനെയാണ് കാണുന്നത്.
ഉടൻതന്നെ ഇരുവരും ചേർന്ന് കുട്ടിച്ചനെ റോഡിൽ എത്തിക്കുകയും ഇതുവഴി വന്ന ഓട്ടോറിക്ഷയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. കാൽ മുറിഞ്ഞതിനെത്തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. സംസ്കാരം നാളെ രാവിലെ 10 ന് വള്ളക്കടവ് സെന്റ്. ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും. ഏലം എസ്റ്റേറ്റിലെ സൂപ്പർ വൈസറായിരുന്ന കുട്ടിച്ചൻ അവിവാഹിതനാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




