
കൊട്ടാരക്കരയിലെതിന് സമാനമായ രീതിയിൽ ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് അടിപിടി ഉണ്ടാക്കി പരിക്കേറ്റ ആളാണ് അക്രമാസക്തനായത്. തിരുവനന്തപുരം സ്വദേശി പ്രവീൺ ആണ് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചത്. ഇയാൾ കുറച്ച് നാളുകളായി നെടുങ്കണ്ടത്താണ് താമസിക്കുന്നത്.
സുഹൃത്തുക്കളുമായി ഇന്നലെ വൈകിട്ട് മദ്യപിക്കുന്നതിനിടെ പ്രവീണും സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും വഴിയിലൂടെ പോയ വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് സുഹൃത്തുക്കളും വാഹന ഉടമകളും തമ്മിൽ തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ഈ സംഘർഷത്തിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു.തുടർന്ന് നാട്ടുകാർ നെടുങ്കണ്ടം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് ഇയാളെ വാഹനത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രി ബഹളം വച്ചതിനെ തുടർന്ന് ഡ്യൂട്ടി ഡോക്ടർ ചികിത്സ നൽകണമെങ്കിൽ സുരക്ഷ ഉറപ്പാക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ ചികിൽസിക്കാൻ തുടങ്ങുന്നതിനിടെ ആശുപത്രിയിൽ നിന്നും ഇയാൾ ഇറങ്ങി ഓടി. പിന്നാലെപോയ പോലീസ് നെടുങ്കണ്ടം എക്സൈസ് ഓഫീസിന് സമീപത്ത് വെച്ച് പിടികൂടി ഇയാളെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു.
പോലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ കൈകാലുകൾ ബന്ധിച്ച് ചികിത്സ നൽകുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിക്കുകയും നെടുങ്കണ്ടം പോലീസിൽ പരാതി നൽകുകയും ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്