
സര്‍ക്കാര്‍ ആശുപത്രിയില്‍ കുത്തിവയ്പിനെത്തുടര്‍ന്ന് അലര്‍ജിയും ബോധക്ഷയവും ഉണ്ടായ പ്ലസ് ടു വിദ്യാര്‍ഥിനി ദിവസങ്ങളായി ചികിത്സയില്‍. പൂച്ച മാന്തിയതിനെത്തുടര്‍ന്ന് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയ മുട്ടം സ്വദേശിനി മുകളേല്‍ അന്നമോള്‍ക്കാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടത്. സംഭവത്തില്‍ സിഎച്ച്‌സി അധികൃതരുടെ ഭാഗത്ത് അനാസ്ഥയുണ്ടായതായി കാട്ടി ആരോഗ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും രക്ഷിതാക്കള്‍ പരാതി നല്‍കി.
Also Read: നാലുവര്‍ഷത്തിനകം സകല ഡീസല്‍ വാഹനങ്ങളും നിരോധിക്കാന്‍ കേന്ദ്രത്തിന് ഉപദേശം!
കഴിഞ്ഞ 28ന് രാത്രിയിലാണ് വീട്ടിലെ വളര്‍ത്തുപൂച്ച അന്നമോളുടെ വലതു കൈയില്‍ മാന്തിയത്. മുറിവുണ്ടായതോടെ പിറ്റേന്ന് രാവിലെ മുട്ടത്തെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. ഇവിടെ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് നല്‍കി. മുറിവില്‍ കുത്തിവയ്ക്കേണ്ട മരുന്ന് ഇവിടെയില്ലെന്നും തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ലഭ്യമാണെന്നും നിര്‍ദേശിച്ച് അന്നയെയും അമ്മ സിമിയെയും പറഞ്ഞയച്ചു. തൊടുപുഴയിലും മരുന്ന് ലഭ്യമല്ലാത്തതിനാല്‍ അവിടെനിന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, ഇതേ ഇഞ്ചക്‌ഷന്‍ ഏതാനും വര്‍ഷം മുൻപ് അന്നയ്ക്ക് കുത്തിവച്ചതിനാല്‍ നിലവില്‍ എടുക്കേണ്ടതില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന് രണ്ടിനു മുട്ടത്തെ ആശുപത്രിയിലെത്തി രണ്ടാംഘട്ട പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് അറിയിച്ചതനുസരിച്ച് മെഡിക്കല്‍ കോളജില്‍നിന്ന് കുട്ടിയും മാതാവും വീട്ടിലേക്ക് മടങ്ങി. മുട്ടം സിഎച്ച്‌സിയിലെത്തി രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുത്ത് പുറത്തിറങ്ങിയ ഉടന്‍ കുട്ടിക്ക് അലര്‍ജി അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ തിരികെയെത്തി വിവരം പറഞ്ഞതോടെ തുടര്‍ചികിത്സ നടത്തിയെങ്കിലും പെട്ടെന്ന് അബോധാവസ്ഥയിലായി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നാലു ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
വീട്ടിലേക്ക് മടങ്ങിയ ശേഷവും തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍നിന്നു കുത്തിവയ്പ് എടുത്തതിലുണ്ടായ പിഴവാണ് മകളുടെ ആരോഗ്യം മോശമാകാന്‍ കാരണമെന്ന് അന്നയുടെ അമ്മ സിമി പറയുന്നു. എന്നാല്‍, മുട്ടം സിഎച്ച്‌സി അധികൃതര്‍ പിന്നീട് ബന്ധപ്പെടുകയോ വിവരം തിരക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ഇതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. ചാക്കോ പറഞ്ഞു. 2025 വരെ കാലാവധി ഉള്ളതും സുരക്ഷിതമായി സൂക്ഷിച്ചിരുന്നതുമായ മരുന്നാണ് കുത്തിവച്ചത്. ഇതേ ബാച്ചിലുള്ള മരുന്നാണ് ആദ്യദിനം കുത്തിവച്ചത്. അസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്ന് അന്നയെ സുരക്ഷിതമായി ആംബുലന്‍സില്‍ കയറ്റിവിട്ടത് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും നേതൃത്വത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്