
ഇടുക്കി കട്ടപ്പനയ്ക്ക് സമീപം നത്തുകല്ലിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇരട്ടയാർ നത്തുകല്ല് സ്വദേശി കുറുമണ്ണിൽ തോമസ് വർഗീസിനെ പുരയിടത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ തൊഴിലാളിയായ ജാർഖണ്ഡ് ലാൽമാട്ടിയ സ്വദേശി മാസ്റ്റർ കിസ്കോയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഇടുക്കി എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 8 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.ഒരുമാസത്തിലേറെ വളർച്ചയുള്ള 8 ചെടികളാണ് കണ്ടെത്തിയത്. സ്ഥലം ഉടമയായ തോമസാണ് കഞ്ചാവ് തൈകൾ നൽകി നട്ടു പരിപാലിക്കാൻ നിർദ്ദേശം നൽകിയതെന്ന് അറസ്റ്റിലായ പ്രതി മൊഴിനല്കിയിട്ടുണ്ട്. ഒളിവിൽ പോയ തോമസിനായി അന്വേഷണം ഉർജ്ജിതമാക്കിയതായും പ്രതിയെ ഉടൻ പിടികൂടുമെന്നും കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ വ്യക്തമാക്കി.