
മഴയ്ക്ക് നേരിയ കുറവുണ്ടായെങ്കിലും പലയിടത്തും വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലും ഭാഗികമായും ഇന്ന് (ഓക്ടോബർ 4) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ജില്ലയിൽ ശക്തമായ മഴ പെയ്ത സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിലുമായിരുന്നു അവധി പ്രഖ്യാപിച്ചത്.
Also Read: ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (04 - ഒക്ടോബർ - 2023- ബുധൻ).
അതേസമയം ചേർത്തല താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ കരുനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകൾക്കാണ് ബുധനാഴ്ച അവധി.
തലസ്ഥാന ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് പെരുമഴ. മണിക്കൂറുകളുടെ ഇടവേളയിൽ മൊത്തം ലഭിച്ചത് 86 മില്ലി മീറ്റർ മഴയാണ്. തിങ്കളാഴ്ച രാത്രിമുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരമാണ് ജില്ലയിലാകെ 86 മി മീ മഴ ലഭിച്ചത്. തിങ്കളാഴ്ച രാത്രിയിൽ മാത്രം തിരുവനന്തപുരത്ത് 33 മില്ലി മീറ്റർ മഴ ലഭിച്ചപ്പോൾ ചൊവ്വാഴ്ച അതിശക്തമായിരുന്നു മഴയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 3.15 വരെയുള്ള സമയത്ത് മാത്രം ജില്ലയിൽ 53 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കനത്തമഴയിൽ കനത്ത നാശനഷ്ടമാണ് ജില്ലയിലാകെ ഉണ്ടായിട്ടുള്ളത്. വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 23 വീടുകള്‍ ഭാഗികമായി തകർന്നെന്നും ഏകദേശം 44 ലക്ഷത്തോളം രൂപയുടെ കൃഷിനാശം ഉണ്ടായെന്നുമാണ് വിവരം. അതേസമയം, ഇന്ന് മുതൽ നാല് ദിവസത്തേക്ക് മഴ അലർട്ടുകളൊന്നും കാലാവസ്ഥാ വിഭാഗം പുറപ്പെടുവിച്ചിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.








