
220 ലിറ്റര്‍ കോടയും ഒൻപതു ലിറ്റര്‍ നാടൻ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വാറ്റുകേന്ദ്രം നടത്തിയിരുന്ന പെരിങ്ങാശേരി മണത്തോട്ടത്തില്‍ ബൈജു കുമാര്‍, സഹായി പാലയ്ക്കപ്ലാക്കല്‍ ആനന്ദ് എന്നിവരെ അറസ്റ്റു ചെയ്തു. പെരിങ്ങാേശേരി, ഉപ്പുകുന്ന് മേഖലയില്‍ മൂലമറ്റം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.
പെരിങ്ങാശേരി താന്നിയ്ക്കപ്പടി - താഴെ മൂലക്കാട് റോഡിന് സമീപമുള്ള പഞ്ചായത്ത് വക കുളത്തിനു സമീപമുള്ള ചെറുവെള്ളച്ചാട്ടത്തിനു സമീപമായിരുന്നു വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ലോട്ടറി കച്ചവടത്തിന്‍റെ മറവിലായിരുന്നു നാട്ടുകാരനായ ബൈജു കുമാറിന്‍റെ ചാരായ വില്പന. ഒരു ലിറ്റര്‍ ചാരായം 600 രൂപയ്ക്കായിരുന്നു വില്‍പ്പനയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ ഇയാള്‍ ലക്ഷങ്ങള്‍ സമ്പാദിച്ചതായും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.
വാറ്റു കേന്ദ്രത്തില്‍ നിന്ന് നാല് വലിയ കന്നാസുകളില്‍ കോടയും, രണ്ട് മണിക്കൂര്‍ കൊണ്ട് 30 ലിറ്റര്‍ ചാരായം വാറ്റാൻ സജ്ജമാക്കിയ വലിയ വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഉപ്പുകുന്ന്, പെരിങ്ങാശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വൻതോതില്‍ വാറ്റു ചാരായ വില്പന നടക്കുന്നുണ്ടെന്നുള്ള എക്സൈസ് ഇന്‍റലിജൻസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







