
ചിന്നക്കനാല്‍ സിങ്കപ്പാറ തമിഴ്നാടിന്‍റെ ഭാഗമാണെന്ന തമിഴ്നാട് വനം വകുപ്പിൻ്റെ വാദത്തിനെതിരേ ദേവികുളം എം എല്‍ എ അഡ്വ.എ രാജ. സിങ്കപ്പാറ കേരളത്തിന്‍റെ അധീനതയിലുള്ള പ്രദേശമാണ്. നിലവില്‍ ചിന്നക്കനാല്‍ പഞ്ചായത്തിൻ്റെ ഭാഗം. 50 വര്‍ഷമായി ഇവിടെ അതിര്‍ത്തി തര്‍ക്കം ഉണ്ടായിട്ടില്ല. അവകാശവാദമുന്നയിച്ചവര്‍ രേഖകളുമായി വരട്ടെയെന്നും എം എല്‍ എ പറഞ്ഞു.
ഏതാനും ദിവസം മുൻപാണ് ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ സിങ്കപ്പാറ മലനിര തമിഴ്നാടിന്റെ ഭാഗമായ പ്രദേശമാണെന്ന അവകാശവാദം ഉന്നയിച്ച് തമിഴ്നാട് വനംവകുപ്പ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഡിറ്റിപിസിയുടെ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ജീപ്പ് സവാരിയുമായി എത്തിയ ഡ്രൈവര്‍മാരോട് ഇവിടെ പ്രവേശിക്കുവാൻ പാടില്ല എന്ന നിര്‍ദ്ദേശവും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു.
എന്നാല്‍ ട്രക്കിംഗ് പോകുന്നവരെ തടയുന്ന നിലപാട് ശരിയല്ലെന്നും അതിക്രമിച്ച് കടക്കുന്നത് സര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രാജ വ്യക്തമാക്കി. തമിഴ്നാട് വനം വകുപ്പിന്റെ ഇടപെടലില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടായ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി ദേവികുളം എംഎല്‍എ അഡ്വക്കേറ്റ് എ രാജാ രംഗത്തെത്തിയത്. പതിറ്റാണ്ടുകളായി അതിര്‍ത്തി തര്‍ക്കമില്ലാത്ത പ്രദേശത്ത് അവകാശവാദം ഉന്നയിക്കുന്നതും ട്രക്കിംഗ് തടയുന്നതും ശരിയല്ല രേഖകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരട്ടെ. കേരളത്തിൻറെ അധീനതയിലുള്ള പ്രദേശത്തെ കടന്നുകയറ്റം സര്‍ക്കാരിനെ അറിയിക്കുമെന്നും എ രാജ പറഞ്ഞു. അതേസമയം അതിര്‍ത്തി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തമിഴ്നാട് വനം വകുപ്പിന്റെ ഇടപെടലിന്റെ പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.








