
അടിമാലി- കുമളി ദേശീയപാതയിൽ തടിയമ്പാടിന് സമീപം അശോകക്കവലയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി രണ്ടുമാസക്കാലമായി ശുദ്ധജലം പാഴാവുകയാണ്. 100 മീറ്ററിനുള്ളിൽ രണ്ടിടത്തായാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ജനപ്രതിനിധിയും നാട്ടുകാരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇതുവരെയും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതേ തുടർന്നാണ് കരിമ്പൻ കുട്ടപ്പൻസിറ്റി സ്വദേശിയായ കോച്ചേരിക്കുടിയിൽ ജോളി വേറിട്ട ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മന്ത്രി പ്രശ്നത്തിൽ ഇടപെട്ട് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നാണ് ജോളിയുടെ ആവശ്യം.
ജില്ലാ ആസ്ഥാന മേഖലയുടെ പരിധിയിലെ ഈ കുടിവെള്ളമൊഴുകൽ വിവിധ വകുപ്പ് മേധാധികൾ നിർബാധം യാത്ര ചെയ്യുന്ന ദേശീയപാതയിലാണെന്നതാണ് വസ്തുത. നവ കേരള സദസിന്റെ ഭാഗമായി മന്ത്രിമാർ സഞ്ചരിച്ചതും ഈ വെള്ളത്തിലൂടെയാണ്. ആയിരക്കണക്കിന് വാഹനങ്ങളും നിരവധി യാത്രക്കാരും സഞ്ചരിക്കുന്ന പാതയിൽ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നതും പതിവ് കാഴ്ചയാണ്. ലക്ഷക്കണക്കിന് ലിറ്റർ ജലം പാഴാകുന്നത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കണ്ടിട്ടും ശുദ്ധജലം പാഴാക്കുന്നത് തുടരുകയാണ്.
വാട്ടർ അതോറിറ്റിയുടെ നിരന്തരമായ അനാസ്ഥമൂലം വാഴത്തോപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പൈപ്പുകൾ നിരന്തരമായി പൊട്ടുന്നുണ്ടെന്നാണ് ആക്ഷേപം. എന്നാൽ സ്ഥലം എംഎൽഎയും ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാണുന്നില്ല എന്നും ആരോപണം ഉയരുന്നുണ്ട്. മന്ത്രി ഉടൻതന്നെ പ്രശ്നത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കണ്ടെത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






