
മാപ്പിള കലാരൂപമായ അതികഠിനമായ പരിശീലനം വേണ്ട അറബനമുട്ടിലാണ് അടിമാലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ സമാനതകളില്ലാത്ത വിജയം നേടിയത്. മലയോര ജില്ലയിൽ നിന്നും കൊല്ലത്തിന്റെ മണ്ണിലെത്തിയ വിദ്യാർത്ഥികൾ മലപ്പുറം കോഴിക്കോട് കണ്ണൂരും അടങ്ങുന്ന മാപ്പിള കലാരൂപങ്ങളുടെ ഈറ്റില്ലങ്ങളായ മലബാറിനോടാണ് പട വെട്ടേണ്ടി വിജയിച്ചത്.
അടിമാലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 10 വിദ്യാർത്ഥികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. അൽഫാസ് സുബൈർ, അഷ്കർ ഷാൻ, അൻഫാസ് സിദ്ദീഖ്, ഫാറൂഖ് അബ്ദുല്ല, അസ്‌ലം ഫൈസൽ, സൽമാൻ ജബ്ബാർ, ആദിൽ, അൻഫർ യൂസഫ്, മാഹിൻ അലിയാർ, അഫിൻ ഷംസുദ്ദീൻ, സബ്സ്റ്റിറ്റ്യൂഷനായി എത്തിയ അൽത്താഫ് കെ എൻ എന്നിവരടങ്ങുന്ന ടീമാണ് ഇടുക്കി ജില്ലയെ വിജയത്തിൽ എത്തിച്ചത്.
ഇവർ സ്കൂൾതലത്തിൽ മത്സരിക്കുവാൻ തയ്യാറായെങ്കിലും ഇടുക്കി പോലുള്ള ഒരു പ്രദേശത്ത് പരിശീലനത്തിനായി അറബനമുട്ടിൽ വിദഗ്ധനായ ഒരു പരിശീലകനെ ഈ കുട്ടികൾക്ക് ലഭിച്ചില്ല. എന്നാൽ മത്സരിക്കണമെന്ന അതിയായ ആഗ്രഹം മനസുകളിൽ നിറഞ്ഞതോടെ പരിശീലകൻ ഇല്ലാത്തത് ഇവർക്ക് വെല്ലുവിളിയായി മാറിയില്ല. വിദ്യാർത്ഥികളുടെ നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും മുന്നിൽ വിജയം അനായാസമായി. പരിശീലന കാലയളവിൽ ഒരു മത്സരാർത്ഥിക്ക് സാരമായി പരിക്കുപറ്റിയിരുന്നു. എന്നാൽ കഠിനപ്രയത്നത്തിലൂടെ ടീമംഗത്തെ മാറ്റാതെ തന്നെ ഇവർ മത്സരത്തിന് എത്തുകയായിരുന്നു
അടിമാലിയിൽ നടന്ന സബ്ജില്ലാ മത്സരത്തിലും കട്ടപ്പനയിൽ നടന്ന ജില്ലാതല മത്സരത്തിലും ഇവർ വിജയം ചൂടിയതോടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ ഇവർക്ക് അവസരം ലഭിച്ചു. അടിമാലി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും വ്യത്യസ്ത ഇനങ്ങളിലായി രണ്ട് ടീമുകൾ മാത്രമാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. ഈ രണ്ട് ടീമുകളും എ ഗ്രേഡ് നേടി ഇടുക്കി ജില്ലയ്ക്ക് വേണ്ടി വിജയ കിരീടം ചൂടുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






