HONESTY NEWS ADS

മലമ്പനി; ഗർഭിണികൾക്കും 5 വയസിന് താഴെയുള്ള കുട്ടികൾക്കും വില്ലൻ, എത്രയും വേഗം ചികിത്സ തേടണം: ആരോഗ്യമന്ത്രി.

മലമ്പനി എത്രയും വേഗം കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്. 

Also Read:  തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ.

മലമ്പനി ചികിത്സിച്ചില്ലെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ ഗുരുതരമായ അനീമിയ, മാതൃമരണം, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകുക എന്നിവയ്ക്ക് കാരണമാകും. മലമ്പനിയ്ക്ക് കൃത്യമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗ ലക്ഷണങ്ങള്‍ കണ്ട് എത്രയും വേഗം ചികിത്സ തേടിയാല്‍ മലമ്പനി പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. സംസ്ഥാനത്ത് മലേറിയ നിര്‍മ്മാര്‍ജനത്തിനായി ഊര്‍ജിത പരിപാടികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വര്‍ഷവും ഏപ്രില്‍ 25നാണ് ലോക മലമ്പനി ദിനമായി ആചരിച്ചു വരുന്നത്. മലമ്പനിയെ നിയന്ത്രിക്കാനും തുടച്ചുനീക്കാനുമുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 'കൂടുതല്‍ നീതിയുക്തമായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം' എന്നതാണ് ഈ വര്‍ഷത്തെ ലോക മലമ്പനി ദിനാചരണ സന്ദേശമെന്ന് മന്ത്രി പറഞ്ഞു. അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളാണ് മലമ്പനി പരത്തുന്നത്. കൊതുക് കടിയേല്‍ക്കുന്നത് വഴിയും മലമ്പനിയുള്ള രോഗിയുടെ രക്തം സ്വീകരിക്കുന്നത് വഴിയും ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും മലമ്പനി പകരുന്നു.

പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുക, മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.

കൊതുക് കടിയേല്‍ക്കാതെ സ്വയം സംരക്ഷണമൊരുക്കിയാല്‍ മലമ്പനിയില്‍ നിന്നും രക്ഷനേടാവുന്നതാണ്. ഇടവിട്ട് മഴയുള്ളതിനാല്‍ മലമ്പനിയുള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക. പനിയുള്ളവര്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS