
ഇടുക്കിയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. നെടുങ്കണ്ടം ആശാരിക്കണ്ടം സ്വദേശിനി ആനിക്കുന്നേല്‍ ദിലീപിന്‍റെ ഭാര്യ ഷീബ (49) ആണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ രക്ഷിക്കാനെത്തിയ എസ്‌ഐക്കും വനിതാ പോലീസിനും പൊള്ളലേറ്റു.
കോടതി വിധിയെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പോലീസിന്‍റെ സാന്നിധ്യത്തില്‍ ഷീബയുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയതായിരുന്നു. ഇതിനിടെ ഷീബ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ്‌ഐ ബിനോയി ഏബ്രഹാം(52), വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി. അമ്പിളി (35) എന്നിവര്‍ക്കു പൊള്ളലേറ്റത്.
അമ്പിളി ക്ക് 40 ശതമാനവും ബിനോയിക്ക് 20 ശതമാനവും പൊള്ളലേറ്റു. മൂവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രി, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ ഷീബയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എസ്‌ഐയുടെ പരിക്ക് ഗുരുതരമല്ല. ബാങ്ക് അധികൃതര്‍ തൊടുപുഴ സിജെഎം കോടതിയുടെ ഉത്തരവുമായാണ് ഷീബയുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്നതിനെത്തിയത്.