
കട്ടപ്പന നഗരത്തിൽ യുവാവിനെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമം. കട്ടപ്പന സ്വദേശി കാരിയിൽ ക്രിസ്റ്റോ മാത്യു എന്ന യുവാവാണ് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഞായറാഴ്ച്ച രാത്രി 11 ഓടെ ഇടശേരി ജംക്ഷനു സമീപത്തായിരുന്നു സംഭവം. ഈ സമയത്ത് ഇവിടെയെത്തിയ ക്രിസ്റ്റോയും ഇടശേരി ജംക്ഷനിലുണ്ടായിരുന്ന ഒരു സംഘം യുവാക്കളുമായി വാക്കേറ്റമുണ്ടായി.
Also Read: ഇന്നത്തെ ഏലയ്ക്ക ലേല വില വിവരം (27 - മെയ് - 2024)
പരസ്പരം അസഭ്യം പറയുകയും ബഹളം വക്കുകയും ചെയ്‌ത ശേഷം ക്രിസ്റ്റോ സെൻട്രൽ ജംക്ഷനിലേക്ക് ബൈക്കിൽ പോയി. ഈ സമയത്ത് കാറിൽ പിന്നാലെയെത്തിയ സംഘം ക്രിസ്റ്റോയെ ഇടിച്ചു വീഴ്ത്തി. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവിൻ്റെ ശരീരത്തിൽ കാർ കയറ്റിയിറക്കുകയായിരുന്നു.
ഈ സമയത്ത് ഓടിക്കൂടിയ നാട്ടുകാർ ക്രിസ്റ്റോയെ സമീപത്തെ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനാൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റി. ആക്രമണം നടത്തിയ സംഘം ഉടൻ തന്നെ സ്ഥലത്തു നിന്നും കടന്നു. കട്ടപ്പന പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

