
കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ വാരാന്ത്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ സ്വര്‍ണം ഈ ആഴ്ച ഇടിയുകയാണ്. ഇന്നലെ കുറഞ്ഞ ശേഷം ഇന്നും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണിത്. അതേസമയം വില ഇനിയും തുടര്‍ച്ചയായി കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ല.
52960 രൂപയാണ് ഒരു പവന് ഇന്ന് നല്‍കേണ്ടത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപയുടെ കുറവാണുണ്ടായത്. പവന് 53000ത്തിന് താഴേക്ക് വില എത്തി എന്നതും എടുത്തു പറയണം. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6620 രൂപയിലെത്തി. ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 54080 രൂപയായിരുന്നു. കുറഞ്ഞത് 52560 രൂപയും. ഇനിയും സ്വര്‍ണവില കുറയുമോ എന്നാണ് ഉപഭോക്താക്കളുടെ ചോദ്യം.
ആഗോള വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഔണ്‍സിന് 2319 ഡോളറായിരുന്നു വില. ഇന്ന് 2321 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇനിയും ഉയര്‍ച്ച രേഖപ്പെടുത്തിയാല്‍ നാളെ കേരള വിപണിയിലും വില കയറും. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലക്കുറവിന്റെ ആശ്വാസം ലഭിക്കും. എന്നാല്‍ വരുംദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.




