
സംസ്ഥാനത്തെ ഹൈസ്‌കൂളുകളും ഹയർ സെക്കൻഡറികളും ഏകീകരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവാൻ സർക്കാർ. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിന് ഇടയിലാണ് സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട ശുപാർശ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വന്നുവെന്നാണ് റിപ്പോർട്ടുകള്‍. എട്ട് മുതല്‍ പന്ത്രണ്ടാം തരംവരെ വേർതിരിവില്ലാതെ ഒറ്റ വിഭാഗമായി പരിഗണിക്കാനാണ് ഒരുക്കുന്നത്.
സ്‌കൂള്‍ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് നേരത്തെ തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് മന്ത്രിസഭാംഗങ്ങള്‍ക്കു ഇന്നലെ രാവിലെയാണ് ലഭിച്ചത്. റിപ്പോർട്ട് വിശദമായി പഠിക്കാൻ സമയം വേണമെന്ന ആവശ്യമുയർന്നതോടെ വിഷയവുമായി ബന്ധപ്പെട്ട ചർച്ച മറ്റൊരു മന്ത്രിസഭായോഗത്തിലേക്ക് മാറ്റുകയായിരുന്നു.
വേറെയും ചില പരിഷ്‌കാരങ്ങള്‍ ഖാദർ കമ്മിറ്റി മുന്നോട്ട് വച്ചിരുന്നെങ്കിലും അവയൊന്നും പരിഗണിക്കാൻ ഇടയില്ല. സ്‌കൂള്‍ സമയമാറ്റം തന്നെയാണ് ഇതിലെ പ്രധാനം. എന്നാല്‍ ഇത് ഒഴിവാക്കി ഏകീകരണം നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ എന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരാൻ അടുത്ത മന്ത്രിസഭാ യോഗം വരെ കാത്തിരിക്കേണ്ടി വരും.
ഒൻപതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉള്‍പ്പെടുത്തിയുള്ള സെക്കൻഡറിയാണ് കേന്ദ്ര വിദ്യാഭ്യാസ ഘടനയില്‍ ഉള്ളത്. എന്നാല്‍ കേരളം ഇതുവരെയും ഈ രീതിയിലേക്ക് മാറിയിട്ടില്ല.പകരം എട്ട് മുതല്‍ പത്ത് വരെ ഹൈസ്‌കൂളും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഹയർസെക്കൻഡറിയും എന്ന നിലയിലായിരുന്നു കേരളത്തിലെ സമ്പ്രദായം. ഇതിലാണ് മാറ്റം കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്.
പുതിയ തീരുമാനം നടപ്പായാല്‍ ഹയർസെക്കൻഡറി ജൂനിയർ അധ്യാപകർ ഹൈസ്‌കൂളിലും കൂടി പഠിപ്പിക്കേണ്ടി വരും. ഇത് സംസ്ഥാനത്തെ അധ്യാപക തസ്‌തികകള്‍ വെട്ടിച്ചുരുക്കാൻ വേണ്ടിയാണെന്നാണ് ആക്ഷേപം. ഇതിന് പുറമെ ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ സമയമാറ്റം എന്ന നിർദ്ദേശത്തിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ ഉള്‍പ്പെടെ എതിർപ്പറിയിച്ചിരുന്നു.
നേരത്തെ സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ആക്കാനായിരുന്നു ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശം. അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് രണ്ടുമണി മുതല്‍ നാലുമണിവരെ ലൈബ്രറി പ്രവർത്തനങ്ങള്‍, തൊഴില്‍പരിശീലനം, കലാ-കായിക പരിശീലനങ്ങള്‍ തുടങ്ങിയ പഠനാനുബന്ധ പ്രവർത്തനങ്ങളും നടത്താമെന്നും റിപ്പോർട്ടില്‍ പറയുന്നു.
നേരത്തെ ഖാദർ കമ്മിറ്റിയുടെ ഒന്നാം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ മൂന്ന് ഡയറക്‌ടറേറ്റുകള്‍ ലയിപ്പിച്ച് ഒന്നാക്കുകയും ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ഏകീകരിക്കുവാനും തീരുമാനിച്ചത്. അക്കാദമിക മേഖലയില്‍ വേണ്ട പരിഷ്കരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാം റിപ്പോർട്ട് പുറത്തിറക്കിയത്.


.jpeg)


