
ഇടുക്കി വെണ്മണിയ്ക്ക് സമീപം കള്ളിപ്പാറയിൽ ഇറക്കം ഇറങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റ നിയന്ത്രണം നഷ്ട്ടപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഇടുക്കി കളക്ടറേറ്റിൽ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.
കുത്തിറക്കത്തിൽ ബസിന്റെ ബ്രേക്ക് തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് ഡ്രൈവർ വ്യക്തമാക്കുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട ഉടൻതന്നെ ഡ്രൈവർ കണ്ടക്ടറെ വിവരം അറിയിക്കുകയും കണ്ടക്ടർ ബസിൽ നിന്ന് ചാടിയിറങ്ങി ടയറിനടിയിൽ കല്ല് ഇട്ട് ബസിന്റ വേഗത കുറയ്ക്കുകയുമായിരുന്നു. തുടർന്ന് ഡ്രൈവർ വാഹനം മൺതിട്ടയിൽ ഇടിപ്പിച്ച് നിർത്തി. ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.




