കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്നിരുന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. 3500 രൂപയിലധികം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കെയാണ് ഇന്ന് വില വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ വില വര്‍ധിച്ചതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. അതേസമയം, ബജറ്റില്‍ നികുതി കുറച്ച സാഹചര്യത്തില്‍ രാജ്യത്ത് ഇനിയും സ്വര്‍ണവില കുറയേണ്ടതാണ് എന്ന അഭിപ്രായവും ഒരു വിഭാഗം ജ്വല്ലറി വ്യാപാരികള്‍ പങ്കുവയ്ക്കുന്നു.
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 50600 രൂപയാണ്. കഴിഞ്ഞ ദിവസം 50400 രൂപയായിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6325 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ വര്‍ധിച്ച് 5235 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 89 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെ വിലയില്‍ മാറ്റമില്ല എന്നായിരുന്നു വ്യാപാരികള്‍ അറിയിച്ചത്. എന്നാല്‍ 12 മണിയോടെ പവന് 800 രൂപ കുറയ്ക്കുകയായിരുന്നു.