HONESTY NEWS ADS

ഇടുക്കിയിൽ കനത്ത മഴ തുടരുന്നു; ഗതാഗതം തടസ്സപ്പെട്ടു, വ്യാപക നാശം

ഇടുക്കിയിൽ കനത്ത മഴ തുടരുന്നു; ഗതാഗതം തടസ്സപ്പെട്ടു, വ്യാപക നാശം

ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞും മരം വീണും അപകടം. അടിമാലി മന്നാന്‍ കാലയില്‍ പപ്പട നിര്‍മ്മാണ യൂണിറ്റിനു മുകളിലേക്ക് മരം കടപുഴകി വീണു. തൊഴിലാളികള്‍ പുറത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മൂന്നാര്‍ പെരിയപാല റോഡിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.


കല്ലാര്‍കുട്ടി അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ചെറുതോണി കട്ടപ്പന റോഡില്‍ നാരക കാനം ഡബിള്‍ കട്ടിങ്ങില്‍ കൂറ്റന്‍പാറകള്‍ റോഡിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ടു.


കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി സര്‍ക്കാര്‍ സ്‌കൂളിനു സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിനു മുകളിലേക്ക് മരം കടപുഴകി വീണു. ജീപ്പില്‍ ഉണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി.


ദേവികുളം മാനില എസ്റ്റേറ്റ് തേയിലത്തോട്ടത്തില്‍ മണ്ണിടിഞ്ഞ് കൃഷി നശിച്ചു. തലയാര്‍ റോഡില്‍ പാതയോരം ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ടും രൂക്ഷമാണ്. മഴ ശക്തമായതോടെ ഇടുക്കിയിലെ രാത്രി യാത്രയ്ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചല്‍ സാധ്യത നിലനില്‍ക്കുന്ന ഗ്യാപ് റോഡിലൂടെ ഉള്ള രാത്രികാല യാത്രാ നിരോധനത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി


നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. മുതിരപ്പുഴയുടെയും പെരിയാറിന്റെയും തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മേഖലകളില്‍ നിന്നും ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു. പുഴകളിലും. വഴിയോരങ്ങളിലുള്ള വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്.


SMART BAZZAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS