
ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സംരക്ഷണഭിത്തി ഏതുനിമിഷവും നിലംപൊത്താറായി നിൽക്കുന്നത്. പഴയ ജില്ലാ ആശുപത്രി മുറ്റവും കെട്ടിടവും സംരക്ഷിക്കുന്നതിനായി വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച കരിങ്കൽക്കെട്ടാണിത്. കഴിഞ്ഞവർഷം ആദ്യം മുതലാണ് കെട്ട് തള്ളി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അന്നുമുതൽ അധികൃതരെ സമീപിച്ചിട്ടും നടപടികളൊന്നും ഉണ്ടായില്ല.
അതേസമയം കാലവർഷം ശക്തമാകുന്നതോടെ വലിയ അപകട ഭീഷണിയാണ് ഈ കരിങ്കൽ കെട്ട് ഉയർത്തുന്നത്. കെട്ട് ഇടിഞ്ഞാൽ മെഡിക്കൽ കോളേജിലേക്ക് പ്രവേശിക്കുന്ന ഏക റോഡിലേക്കാണ് പതിക്കുക. രാത്രിയും പകലും തിരക്കേറിയ റോഡിൽ കാൽനടയാത്രികരും വാഹനങ്ങളും ഏറെയുണ്ട്. കെട്ട് ഇടിഞ്ഞാൽ ആശുപത്രി കെട്ടിടത്തിൻ്റെ നിലനിൽപ്പ് തന്നെ ഭീഷണിയാകും. അടിയന്തരമായ് തകർച്ച നേരിടുന്ന ഭാഗം പൊളിച്ച് മാറ്റി പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.