
സാറെ ഞാൻ കള്ളനല്ല, വിശപ്പ് സഹിക്കാൻ കഴിയാതെ വന്നപ്പോള്‍ ചെയ്യാൻ തോന്നിയതാണ്, കോഴിയെ വിറ്റ് കിട്ടുന്ന പണം കൊണ്ട് വയറുനിറയെ ഭക്ഷണം കഴിക്കാനായിരുന്നു വിചാരിച്ചത്', വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 27 വയസുള്ള യുവാവിന്റെ വാക്കുകള്‍ എസ്‌ഐ ശ്രീദാസ് പുത്തൂർ ആദ്യമൊന്ന് വിശ്വസിച്ചില്ലെങ്കിലും പിന്നീട് സത്യമറിഞ്ഞപ്പോള്‍ ഇയാളുടെ ഒരുദിവസത്തെ മൊത്തം സംരക്ഷണം വെള്ളരിക്കുണ്ട് പൊലീസ് ഏറ്റെടുക്കുകയായിരുന്നു.
മാനസികനിലയില്‍ അല്‍പം തകരാറുള്ള യുവാവ് വഴിതെറ്റിയാണ് വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ എടത്തോട് എത്തിയത്. നടന്നു തളർന്ന് വിശന്നു വലഞ്ഞപ്പോള്‍ പാലത്തിന് സമീപംകണ്ട അടച്ചിട്ട വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നും ഒരു കോഴിയെ പിടികൂടാൻ ശ്രമിച്ചു. കുപ്പായം ധരിക്കാതെയും
ചുവന്ന ഒരുമുണ്ട് മാത്രമുടുത്തും പാത്തും പതുങ്ങിയും ഇയാള്‍ കോഴിയെ പിടികൂടുന്നത് അയല്‍വീട്ടിലുള്ളവരുടെ ശ്രദ്ധയില്‍പെട്ടു.
ഉടൻ മറ്റു വീട്ടുകാരെയും പൊലീസിനെയും ഇവർ വിവരം അറിയിച്ചു. പട്ടാപ്പകല്‍ പരപ്പയിലെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നും കോഴിയെ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ കാണാൻ ആളുകള്‍ തടിച്ചുകൂടി. പൊലീസും സ്ഥലത്ത് കുതിച്ചെത്തി യുവാവിനെ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലെത്തിച്ചു. ഇതിനിടയില്‍ ഇയാള്‍ക്ക് ഒപ്പം വേറെയും മോഷ്ടാക്കള്‍ ഉണ്ടെന്ന് പ്രചാരണമുണ്ടായി.
സ്റ്റേഷനില്‍ കൊണ്ടുവന്ന് യുവാവിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണം തേടി അലയുന്ന വ്യക്തിയാണെന്ന് മനസിലായത്. കുടിക്കാൻ ദാഹജലം നല്‍കിയ പൊലീസുകാർ സ്റ്റേഷൻ മെസില്‍ രാത്രി ഡ്യൂട്ടിയിലുള്ളവർക്ക് കരുതിവെച്ച ഭക്ഷണവും നല്‍കി. ആർത്തിയോടെ വാരിത്തിന്നുന്നതിനിടയില്‍ സാറെ ഇതിനു വേണ്ടിയായിരുന്നു ഞാൻ കോഴിയെ പിടികൂടാൻ ശ്രമിച്ചതെന്ന വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചതായി പൊലീസുകാർ പറഞ്ഞു.
അമ്മയും ഒരു അനിയനും മാത്രമാണ് യുവാവിനുള്ളത്. കടുത്ത ദാരിദ്രത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക്, വഴി തെറ്റി വന്ന് പൊലീസ് പിടിയിലായ മകനെ കൂട്ടിക്കൊണ്ട് പോകാൻ സാധിക്കില്ലെന്ന് മനസിലാക്കി സ്റ്റേഷനിലെ മറ്റൊരു എസ്‌ഐ രമേശൻ, പ്രേമരാജൻ എന്നിവർക്ക് ഒപ്പം പൊലീസ് വാഹനത്തില്‍ രാത്രി പത്തുമണിയോടെ യുവാവിനെ വീട്ടില്‍ എത്തിച്ചതായി എസ്‌ഐ ശ്രീദാസ് പറഞ്ഞു