സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. പലരും കാര്യമായി എടുക്കാത്ത പുക പരിശോധനയില്‍ പിടിമുറുക്കാനാണ് എംവിഡിയുടെ തീരുമാനം. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുക. രണ്ടാം തവണ ഇതേ കുറ്റത്തിന് പിടികൂടിയാല്‍ പിഴ 10,000 രൂപയായിരിക്കും.
പുക പരിശോധന ചെക്കിംഗില്‍ മാത്രമേ കണ്ടെത്തുകയുള്ളൂ എന്ന് കരുതി സമാധാനിക്കാൻ വരട്ടെ. പാര്‍ക്കിങ്ങില്ലാത്തിടത്ത് വാഹനം നിര്‍ത്തിയിട്ടാല്‍ പോലും ആ കുറ്റത്തോടൊപ്പം എല്ലാസര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്ന പുതിയ നിർദ്ദേശവും നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്തൊക്കെ നിയമ ലംഘനങ്ങള്‍ ഉണ്ടോ അതൊക്കെയും കണ്ടെത്തി ഒരുമിച്ച് പിഴ ഈടാക്കും.
ഏറ്റവും പുതിയ നിർദ്ദേശ പ്രകാരം ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്ബര്‍ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കും. കൂടാതെ നേരത്തെ പോലീസുകാർ നടത്തിയിരുന്നത് പോലെ വഴിയോരങ്ങളില്‍ എംവിഡിയും ചെക്കിംഗിന് നില്‍ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതുകൊണ്ട് തന്നെ ചെറിയ പിഴയടച്ച് രക്ഷപ്പെടുക എന്ന തന്ത്രം ഇനി വിലപ്പോവില്ലെന്ന് സാരം. നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങളുടെ ഫോട്ടോ സഹിതം കുറ്റപത്രം തയ്യാറാക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇതിലൂടെ നിയമ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാമെന്ന് വകുപ്പ് കണക്ക് കൂട്ടുന്നു.
നിലവിലെ സാഹചര്യത്തില്‍ പുക പരിേശാധനയ്ക്ക് പ്രാധാന്യം നല്‍കിയാകും ചെക്കിംഗ് ഉള്‍പ്പെടെ നടത്തുകയെന്നാണ് ലഭ്യമായ വിവരം. നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളില്‍ ഏറെയും പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇവയ്ക്ക് പിഴ ചുമത്തി സർക്കാരിലേക്ക് കൂടുതല്‍ പണമെത്തിക്കുക എന്നതാണ് എംവിഡി പദ്ധതി.
അതേസമയം, സംസ്ഥാനത്ത് നിരത്തുകളില്‍ പരിശോധന കർശനമാക്കാൻ എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ എഐ ക്യാമറകള്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിലാണ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകള്‍ സ്ഥാപിച്ചത്.
റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. എന്നാല്‍ പലരും ക്യാമറയുള്ള സ്ഥലങ്ങള്‍ മുൻകൂട്ടി മനസിലാക്കി അവിടെ നിന്നും തടി തപ്പാറാണ് പതിവ്. ഇതോടെയാണ് വഴിയോരങ്ങളില്‍ എംവിഡി പരിയശോധനയ്ക്ക് ഇറങ്ങുന്നത്.