HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഷിരൂർ ദൗത്യം; അർജുൻ ഉൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ തത്കാലം പുനരാരംഭിക്കില്ല, ഹൈക്കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് നൽകി കർണാടക

അർജുൻ ഉൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ തത്കാലം പുനരാരംഭിക്കില്ല

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ കർണാടക സർക്കാർ തത്കാലം പുനരാരംഭിക്കില്ല. കർണാടക ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിൽ ദൗത്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച സൂചനകളില്ല. സർക്കാർ അഭിഭാഷകൻ ദൗത്യം പുനരാരംഭിക്കുന്നത് സംബന്ധിച്ച സൂചനകളൊന്നും കോടതിയിൽ നൽകിയില്ല. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഓഗസ്റ്റ് 16 ന് നിർത്തിവെച്ചതായാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.


സർക്കാർ റിപ്പോർട്ടിൽ എതിർവാദമുണ്ടെങ്കിൽ സമർപ്പിക്കാൻ അർജുൻ്റെ കുടുംബത്തിന് കോടതി അനുമതി നൽകി. ദുരന്തത്തിനിരയായവരുടെ പുനരധിവാസം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു . മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ കോടതിക്ക് വാക്കാൽ ഉറപ്പു നൽകി. സെപ്റ്റംബർ 18ന് കർണാടക ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.


ഗംഗാവലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നായിരുന്നു തിരച്ചില്‍ താത്കാലികമായി നിര്‍ത്തിയ ഘട്ടത്തില്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 


ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദൗത്യം വൈകാതെ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അര്‍ജുൻ്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

HEAVEN FASHION DESIGNING


നേരത്തെ തിരച്ചിൽ നടത്തുമ്പോൾ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നുവെന്നും ഏറെ പ്രതിസന്ധികൾ മറികടന്നാണ് പുഴയിലിറങ്ങിയതെന്നും ഈശ്വർ മാൽപെ പറഞ്ഞിരുന്നു. അർജുൻ്റെ കുടുംബത്തെ കാണാനായി എത്തിയപ്പോഴായിരുന്നു മാൽപെയുടെ പ്രതികരണം. ഷിരൂർ മണ്ണിടിച്ചിലിൽ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നാണ് കർണാടക സർക്കാർ നേരത്തെ ഹൈക്കോടതിയിയെ അറിയിച്ചത്. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്നായിരുന്നു സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. 'അപകടമുണ്ടായ ജൂലൈ 16ന് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 16ന് വൈകുന്നേരം നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ പത്തില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 


രക്ഷാപ്രവര്‍ത്തനം നടത്തുന്നത് 171 അംഗ സംഘമാണ്. ഇതില്‍ ഇന്ത്യന്‍ നേവിയുടെ 12 മുങ്ങല്‍ വിദഗ്ധരുമുണ്ട്. കാണാതായവരെ കണ്ടെത്താന്‍ ഗംഗാവാലി നദിയില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുന്നുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുന്നു. മോശം കാലാവസ്ഥയിലും തിരച്ചില്‍ തുടരുന്നുവെന്നാ'യിരുന്നു അപകടം നടന്നതിന് തൊട്ടുപിന്നാലെ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA