HONESTY NEWS ADS

തൊടുപുഴയിൽ നിന്നും സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് നാടുവിട്ടു; പബ്ലിക് പ്രോസിക്യൂട്ടറെ 11 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് നിന്നും കണ്ടെത്തി

ഇടുക്കി: സാമ്പത്തിക തട്ടിപ്പിനെ തുടർന്ന്  നാടുവിട്ട പബ്ലിക് പ്രോസിക്യൂട്ടറെ 11 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

90 ലക്ഷത്തിന്‍റെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന്  നാടുവിട്ട പബ്ലിക് പ്രോസിക്യൂട്ടറെ 11 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. തൊടുപുഴ മുട്ടം മൈലാടിയിൽ എം.എം ജെയിംസിനെയാണ് 11 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്. 2021ൽ ഇയാളുടെ മകൾ മുട്ടം പൊലീസ് സ്റ്റേഷനിൽ മാൻമിസിങ് പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജെയിംസിനെ കണ്ടെത്തിയതെന്ന് സിഐ സോൾജിമോൻ പറഞ്ഞു. കോഴിക്കോട് കുറ്റ്യാടിയിൽനിന്ന് കണ്ടെത്തിയ ജെയിംസിനെ പീരുമേട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു അന്വേഷണം.


2018 ൽ ഡ്രൈവിങ് ലൈസൻസ് പുതുക്കിയ വിവരത്തിൽ നിന്നാണ് പൊലീസ് ഇയാളിലേക്കെത്തിയതെന്ന് തൊടുപുഴ ഡിവൈഎസ്‍പി പറഞ്ഞു. കാണാതായ പരാതിയിൽ പൊലീസ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ജെയിംസിനെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജില്ലാ സിജെഎം കോടതിയുടെ വാറണ്ട് നിലവിലുണ്ട്. വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഇയാളോട് സെപ്‍തംബർ ആദ്യവാരം കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുട്ടം സ്വദേശിനിയുടെ പരാതിയിലായിരുന്നു വാറണ്ട്. 


ഇവരെ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ധരിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പണം കൈപ്പറ്റിയശേഷം ഇയാൾ പകരം ചെക്ക് നൽകിയിരുന്നു. ഇത് വ്യാജമാണെന്ന് വ്യക്തമായതോടെ സ്‍ത്രീ കോടതിയെ സമീപിക്കുകയായിരുന്നു. വഞ്ചനാക്കുറ്റമാണ് ജെയിംസിനെതിരെ നിലനിൽക്കുന്നത്. കേസിൽ കോടതി ജെയിംസിന് സമൻസ് നൽകിയതോടെയാണ് നാടുവിട്ടതെന്നാണ് വിവരം.


ജെയിംസിന് നൽകാൻ പണത്തിനായി മുട്ടം സ്വദേശിനി ബാങ്കിൽ ഹാജരാക്കിയ രേഖകളും ബാങ്ക് ഇടപാടിന്റെ തെളിവുകളും സൂക്ഷിച്ചിട്ടുണ്ട്. ഈ കേസിൽ ജെയിംസിന്റെ ഹൈറേഞ്ചിലുള്ള വസ്‍തു കോടതി ജപ്‍തി ചെയ്‍തിരുന്നു. എന്നാൽ സ്ഥലവുമായി ബന്ധപ്പെട്ട നൂലാമാലകൾ വന്നതോടെ പരാതിക്കാരിക്ക് ഗുണമില്ലാതായി. ജെയിംസിനെ കണ്ടെത്തിയതോടെ മുട്ടം സ്വദേശിനിയുടെ പരാതി കോടതി വീണ്ടും പരിഗണിച്ചേക്കും. നിലവിൽ കേസ് ലോങ് പെൻഡിങ് രജിസ്‍റ്ററിലാണ്. ജെയിംസ് തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിലെ അഭിഭാഷകനായിരുന്നു. രണ്ടുതവണ പബ്ലിക്ക് പ്രോസിക്യൂട്ടറുമായിട്ടുണ്ട്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS