
കേരളത്തിലേക്ക് കടത്താൻ ചാക്കുകളില്‍ നിറച്ച് ഇരുചക്രവാഹനങ്ങളില്‍ കൊണ്ടുവരുകയായിരുന്ന 30 കിലോ കഞ്ചാവുമായി മൂന്ന് പേരെ തമിഴ്നാട് പൊലീസ് പിടികൂടി. കമ്പം കോമ്പറോഡരികില്‍ താമസിക്കുന്ന ഇളയേന്ദ്രൻ (44), സുരേഷ് (43), വനരാജ് (59) എന്നിവരെയാണ് കമ്പം സൗത്ത് പൊലീസ് ഇൻസ്പെപെക്ടർ വനിതാമണിയും സംഘവും അറസ്റ്റ് ചെയ്തത്
സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയില്‍ കമ്പത്താണ് സംഭവം. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ഇരുചക്രവാഹനം പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രയില്‍നിന്ന് എത്തിച്ച കഞ്ചാവ് കമ്പത്ത് സൂക്ഷിച്ച ശേഷം ഇരുചക്ര വാഹനത്തില്‍ കുമളി വഴി കടത്തുകയായിരുന്നു ലക്ഷ്യം.
രഹസ്യവിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൂവർ സംഘം പിടിയിലായത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാനാണ് കഞ്ചാവ് കൊണ്ടുപോയതെന്ന് പിടിയിലായവർ പറഞ്ഞു. പ്രതികളെ ഉത്തമപാളയം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.