HONESTY NEWS ADS

 HONESTY NEWS ADS


മൂന്നാർ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൻ്റെ ബ്രേക്ക് തകരാർ; നന്നാക്കാൻ അധികൃതരുടെ പിന്നാലെ നടന്നു മടുത്തു, ഒടുവിൽ ആശങ്കയോടെയും അതിലേറെ ദുഃഖത്തോടെയും പരാതി... ഡ്രൈവറുടെ വൈറൽ കത്തിന് പിന്നിൽ

മൂന്നാർ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൻ്റെ ബ്രേക്ക് തകരാർ

മൂന്നാർ സർവീസ് നടത്തുന്ന ബസിൻ്റെ ബ്രേക്ക് നന്നാക്കാൻ അധികൃതരുടെ പിന്നാലെ നടന്നു മടുത്ത ഡ്രൈവർ ഒടുവിൽ എറണാകുളം ജില്ലാ ട്രാൻസ്പോർട്ട് ഓഫിസിൽ പരാതി നൽകി. ആവശ്യമെങ്കിൽ അതിനു വേണ്ട പണം തൻ്റെ ശമ്പളത്തിൽനിന്നു പിടിച്ചോളു എന്നും പരാതി പറഞ്ഞതിന് സസ്പെൻഡ് ചെയ്യരുതെന്നും പരാതിക്കത്തിലുണ്ട്. ഈ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. എറണാകുളത്തുനിന്നു രാവിലെ 6.20ന് മുന്നാറിനു പുറപ്പെടുന്ന ആർപിഎം 476 ബസിൻ്റെ ഡ്രൈവർ ആലപ്പുഴ സ്വദേശി ടി.ആർ.സവിതനാണ് പരാതി നൽകിയത്.


ഇക്കഴിഞ്ഞ 19നായിരുന്നു എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ സവിതൻ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസിൽ പരാതി നൽകിയത്. ബ്രേക്ക് ഇല്ലാത്ത ബസുമായി ഹൈറേഞ്ച് യാത്ര വലിയ അപകടം വിളിച്ചുവരുത്തുമെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വളരെയേറെ ആശങ്കയോടെയും അതിലേറെ ദുഃഖത്തോടെയുമായാണ് ഈ പരാതി എഴുതുന്നത് എന്ന് കത്തിൽ പറയുന്നു. ബസിൻ്റെ ബ്രേക്കിനു പ്രശ്നമുണ്ടെന്ന കാര്യം ഒരാഴ്‌ചയായി ലോഗ്ഷീറ്റിൽ എഴുതുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. 


ദിവസവും രണ്ടും മൂന്നും ഡിപ്പോയിൽ കയറി ബ്രേക്ക് സെറ്റ് ചെയ്‌താണു സർവീസ് നടത്തുന്നത്. ഡ്രൈവറുടെയും അതിലെ നിരപരാധികളായ യാത്രക്കാരുടെയും ജീവനു വിലയില്ലേയെന്നും കത്തിൽ ചോദിക്കുന്നു. നാലു വീലുകളുടെയും സ്ലാക്കർ പുതിയതു ഫിറ്റ് ചെയ്യാൻ, ആവശ്യമെങ്കിൽ തൻ്റെ ശമ്പളത്തിൽനിന്ന് ഒറ്റത്തവണയായോ തവണകളായോ തുക പിടിച്ചുകൊള്ളാനും കത്തിൽ പറയുന്നുണ്ട്. ഒരു വലിയ തുക കോസ്‌റ്റ് ഓഫ് ഡാമേജ് അടയ്ക്കുന്നതിലും എത്രയോ ചെറുതാണു നാലു സ്ലാക്കറിന്റെ വില. അപകടം ഉണ്ടായാൽ കേസ് നടത്തേണ്ടത് ഡ്രൈവറുടെ കയ്യിലെ പണം കൊണ്ടു തന്നെയാണെന്നും കത്തിൽ പറയുന്നുണ്ട്.


പരാതിയിലെ കാര്യങ്ങളിൽ നീക്കുപോക്കുണ്ടായെങ്കിലും ഡ്രൈവറെ കാത്തിരുന്നതു മറ്റൊന്നാണ്. സഞ്ചരിച്ച ബൈക്കിനു കുറുകെ നായ ചാടിയതിനെ തുടർന്നുണ്ടായ വീഴ്ചയിൽ മുഖത്ത് പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഡ്യൂട്ടിക്കു ശേഷം സ്വദേശമായ ആലപ്പുഴയിലേക്കു പോകുമ്പോഴായിരുന്നു അപകടം. ബൈക്ക് തെന്നിമാറി പാലത്തിൽനിന്ന് രണ്ടാൾ താഴ്ചയിലേക്കു വീണു. വീഴ്ചയിൽ താടിയെല്ലിനു പൊട്ടലുണ്ടായി. മുൻനിരയിലെ പല്ലുകൾ പോയി.


ഡ്രൈവറുടെ പരാതി ലഭിച്ചിരുന്നു എന്നും അതിന്റെ ഭാഗമായുള്ള പരിശോധനകൾ നടന്നുവരുന്നുവെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ വ്യക്ത്തമാക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതുവരെ ആ ബസ് സർവീസിന് അയയ്ക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS