
തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന സംഘം ആളുകളെ വ്യാജരേഖ കാട്ടി വിശദീകരിക്കും. ഇരകൾ വലയിലായി എന്ന് ഉറപ്പാക്കി കഴിഞ്ഞാൽ വീഡിയോ കോളിലൂടെ നോട്ടുകെട്ടുകൾ കാണിച്ച് കൂടുതൽ വിശ്വാസം ആർജിക്കും. തുടർന്ന് പണം കൈമാറുന്ന സ്ഥലവും തീയതിയും അറിയിക്കും. അതിർത്തി വനമേഖലയിലെ വിജനമായ സ്ഥലമായിരിക്കും ഇതിനായി കണ്ടെത്തുക. യഥാർഥ നോട്ട് കൈപ്പറ്റിയതിന് ശേഷം വ്യാജനോട്ടുകൾ നല്കാമെന്നാകും വാഗ്ദാനം. നോട്ടുകൾ കൈപ്പറ്റി സംഘാംഗങ്ങളിൽ ചിലർ സ്ഥലത്ത് നിന്നും കടന്നു കളയും.
പണവുമായി പോയവർ സുരക്ഷിത സ്ഥാനത്ത് എത്തുന്നതോടെ ഇടപാടുകാരെ മർദിച്ച് അവശരാക്കിയ ശേഷം ഫോണും തട്ടിയെടുത്ത് മറ്റുള്ളവരും രക്ഷപ്പെടും. വനമേഖലയിലായതിനാൽ ഉറക്കെ നിലവിളിച്ചാലും ഫലമുണ്ടാകാറുമില്ല. അത്യാർത്തി മൂത്ത് ഇത്തരം സംഘങ്ങളുടെ കെണിയിൽ വീണ് തട്ടിപ്പിന് ഇരയായവർ നിരവധിയാണ്. ഇതിൽ മലയാളികളും ഉൾപ്പെട്ടിട്ടുള്ളതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം തേനിയിൽ പൊലീസ് നടത്തിയ പരിശോധയിൽ 3.40 കോടി രൂപയുടെ കള്ള നോട്ടുകൾ പിടിച്ചെടുത്തിരുന്നു
ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളാണ് കമ്പത്തു നിന്നും ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി എത്തുന്നത്. 50,100. 200,500 രൂപയുടെ കള്ളനോട്ടുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് കൊള്ളപ്പലിശക്ക് തുക കടം നൽകുന്ന ചിലർ കള്ളനോട്ടുകളും ഇതിനൊപ്പം നൽകുന്നതായാണ് സൂചന. തോട്ടം തൊഴിലാളികൾ. കൂലിവേലക്കാർ എന്നിവരിലേക്കാണ് തമിഴ്‌നാട്ടിൽ ബ്ലേഡ് സംഘങ്ങൾ പണം ഒഴുക്കുന്നത്. കള്ളനോട്ട് ലഭിക്കുന്ന നാട്ടുകാരിൽ പലരും ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ എത്തുമ്പോൾ മാത്രമാണ് കൈവശമുള്ളത് വ്യാജനാണെന്നറിയുന്നത്.
നാണക്കേടും കേസും ഒഴിവാക്കാൻ ബാങ്കിൽ വച്ചു തന്നെ നശിപ്പിച്ചാണ് പലരും മടങ്ങുന്നത്. തേക്കടി, മൂന്നാർ ഉൾപ്പെടുന്ന ടൂറിസം മേഖലയിൽ നോട്ട് വേഗത്തിൽ പ്രചരിക്കാൻ സാധ്യതയേറെ ഉള്ളതിനാൽ ടൂറിസം മേഖലകൾ മാത്രം കേന്ദ്രീകരിച്ച് കള്ളനോട്ട് ലോബിയിലെ ചിലർ പ്രവർത്തിക്കുന്നതായാണ് സൂചന. കമ്പത്ത് നിന്ന് കഞ്ചാവ് ഉൾപ്പെടെ ലഹരിമരുന്ന് കടത്തുന്നതിനൊപ്പം വ്യാപകമായി കള്ളനോട്ടും എത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നത്.കള്ളനോട്ട് വ്യാപകമായി പ്രചരിപ്പിക്കുന്ന അന്തർ സംസ്ഥാന ലോബിക്ക് ഹൈറേഞ്ചിലെ മിക്കസ്ഥലത്തും പണം കൈമാറ്റം നടത്താൻ ഏജൻ്റമാർ പ്രവർത്തിക്കുന്നതായും വിവരമുണ്ട്.