
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി
നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതരാരോപണവുമായാണ് യുവനടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിയത്. നടൻ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് പറഞ്ഞു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്നായിരുന്നു രേവതി സമ്പത്ത് വെളിപ്പെടുത്തിയത്.
പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. ആ ദുരനുഭവം പറയാൻ പോലും സമയമെടുത്തു. ഉന്നതരായ പല ആളുകളും മാറ്റിനിർത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ ക്രിമിനൽ ആക്ടിവിറ്റി എന്ന് വിശേഷിപ്പിച്ച ആളാണ് സിദ്ദിഖ്. അതേ ക്രിമിനൽ ആക്ടിവിറ്റിയാണ് നടൻ തന്നോടും ചെയ്തതെന്ന് രേവതി പറഞ്ഞു. നിയമ നടപടിക്ക് ശ്രമിച്ചെങ്കിലും ഉന്നതരായ സിനിമക്കാരുടെ സ്വാധീനം കൊണ്ട് അതിന് സാധിച്ചില്ല. അത്രത്തോളം പീഡനം അനുഭവിച്ചതിനാൽ ഇനി നിയമനടപടിക്കില്ലെന്നും രേവതി സമ്പത്ത് പറഞ്ഞു