കാന്തല്ലൂര്‍ പെരടിപള്ളത്ത് കാട്ടാനയുടെ ആക്രമണത്തില്‍നിന്നും ഇരുചക്രവാഹന യാത്രക്കാരാന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പെരടിപള്ളം സ്വദേശി ബാലകൃഷ്ണനാണ് പെരടിപള്ളത്ത് നിന്നും കോവില്‍ക്കടവിലേക്ക് വരുന്നവഴിക്ക് ഒറ്റയാന്‍റെ മുന്നില്‍പ്പെട്ടത്.
റോഡിന്‍റെ എതിര്‍ ദിശയില്‍ നിന്നും പാഞ്ഞെത്തിയ ഒറ്റയാന്‍റെ മുന്നില്‍നിന്നും ഇരു ചക്രവാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുക ആയിരുന്നു. കാട്ടാന കുറേദൂരം പിന്തുടര്‍ന്ന ശേഷം മടങ്ങിപ്പോവുകയായിരുന്നു. മൊബൈല്‍ ഫോണും ഇരു ചക്രവാഹനവും നശിപ്പിച്ച ഒറ്റയാന്‍ സമീപത്തെ കൃഷിയിടത്തിലേക്ക് പോയി.
രണ്ടുമാസക്കാലമായി ജനവാസ കേന്ദ്രത്തില്‍ ഭീക്ഷണിയായിരിക്കൂകയാണ് ഒറ്റയാന്‍. രാവിലെ തിരുവനന്തപുരത്തുനിന്നും മടങ്ങിയെത്തിയ മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാന്‍ വരുന്ന വഴിക്കാണ് കാട്ടാന ആക്രമണം ഉണ്ടായത്. പിന്നീട് വന്ന ഓട്ടോറിക്ഷ യാത്രക്കാരാണ് ബാലകൃഷ്ണനെ രക്ഷപ്പെടുത്തിയത്.