
ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ശാന്തൻപാറയിൽ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. സംഭവത്തിൽ സേനാപതി അഞ്ച്മുക്ക് പോറ്റംകോട്ട് വീട്ടിൽ ബിബിൻ ബാബു (39), വാത്തിക്കുടി സ്വദേശി പാറശ്ശേരിൽ ജോബി ജോസഫ്(42) എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
ശാന്തൻപാറ പേതൊട്ടിയ്ക്ക് സമീപം ഏലത്തോട്ടത്തിനായി സ്ഥലം പാട്ടത്തിന് എടുത്ത്, ഓണവിപണി ലക്ഷ്യമാക്കി വൻതോതിൽ ചാരായം വാറ്റുകയായിരുന്നു ഇരുവരും. 400 ലിറ്റർ കോടയും, 45 ലിറ്റർ ചാരായവും, വാറ്റ് ഉപകരണങ്ങളും ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്. പ്രതികൾ ചാരായം വാറ്റി ശാന്തൻപാറ, പൂപ്പാറ, സേനാപതി, വട്ടപ്പാറ ഭാഗങ്ങളിൽ വിൽപന നടത്തി വരുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി.