GOODWILL HYPERMART

ബാലഭാസ്‌കറിനെ കൊന്നതാണ്, പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയ; പിതാവ് കെ സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നിൽ. ഡ്രൈവർ അർജുൻ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അർജുൻ നേരത്തെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്.അർജുൻ പൊലീസിന്റെ പിടിയിലായതോടെ ഇനി മരണത്തിന് പിന്നിലെ സത്യങ്ങൾ പുറത്തുവരുമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.


“അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചത് ബാലഭാസ്കറാണെന്നാരോപിച്ച് അർജുൻ തങ്ങൾക്കെതിരെ ത്യശൂർ എംഐസിറ്റിയിൽ കേസ് കൊടുത്തിരുന്നു. ഒരു കോടി രൂപ തനിക്ക് നഷ്ടപരിഹാരം തരണം എന്നായിരുന്നു അർജുന്റെ ആവശ്യം. സംശയമല്ല ബാലഭാസ്കറിൻ്റെ മരണത്തിന് പിന്നിൽ അർജുൻ തന്നെയാണെന്ന് ഉറപ്പാണ്. കള്ളക്കടത്ത് മാഫിയ അതൊരു വലിയ സംഘമാണ്. എങ്ങും തൊടാതെയുള്ള അന്വേഷണ റിപ്പോർട്ടാണ് സിബിഐ കൊടുത്തിരിക്കുന്നത്.അവരും സംഘത്തിന്റെ സ്വാധീനത്തിന് വഴങ്ങി. സ്വർണ്ണക്കടത്തുകാരും അതുമായി ബന്ധപ്പെട്ട വലിയൊരു സംഘവുമാണ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ. കേസിൽ ഒരു നീതിയും ലഭിച്ചിട്ടില്ല. പുതിയ കേസിന്റെ പശ്ചാത്തലത്തിൽ നിയമനടപടി ആലോചിക്കും” കെ സി ഉണ്ണി കൂട്ടിച്ചേർത്തു.


ബാലഭാസ്കറിൻ്റെ ഭാര്യ തങ്ങളെ ബോയ്‌ക്കോട്ട് ചെയ്തിരിക്കുകയാണ്.ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ല.അത് എന്തുകൊണ്ടെന്നറിയില്ല.ബാലഭാസ്കറിന് പണം കൊടുക്കാനുള്ളവർ ഭാര്യ ലക്ഷ്മിക്ക് കൈമാറും എന്നായിരുന്നു അറിയിച്ചിരുന്നത്.തമ്മിൽ വഴക്കൊന്നും ഉണ്ടായിട്ടില്ല. ഒക്ടോബറിലാണ് ബാലഭാസ്ക്കർ മരിച്ച് 6 വർഷം പൂർത്തിയായത്. അന്ന് മുതൽ ഇന്നുവരെ മരണവുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങൾ ഉയർന്നിരുന്നു.


അതേസമയം, അർജുൻ അറസ്റ്റിലായെങ്കിലും ഇതിന് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ് . പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലാണ് ബാലഭാസ്ക്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. കേസിൽ ബാലഭാസ്കറിൻ്റെ ഡ്രൈവറും ഉൾപ്പെട്ടെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ത്യശൂർ സ്വദേശിയാണ് പിടിയിലായ അർജുൻ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.