HONESTY NEWS ADS

 HONESTY NEWS ADS


സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന: 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു

കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന. നോര്‍ത്ത് സോണിന്റെ കീഴില്‍ വരുന്ന ജില്ലകളായ കോഴിക്കോട്, മലപ്പുറം കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വ്യാപക പരിശോധനകള്‍ നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 


ജില്ലകള്‍ കേന്ദ്രീകരിച്ച് 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളെ കേന്ദ്രീകരിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷബാധകളും പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയത്. മറ്റ് മേഖലകളിലും പരിശോധന തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.


വിശദ പരിശോധനയ്ക്കായി 24 സ്ഥാപനങ്ങളില്‍ നിന്നും സ്റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 45 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും 40 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും ആറ് സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്‌മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. നിയമപരമായ ലൈസന്‍സില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു.


കാറ്ററിംഗ് യൂണിറ്റുകളിലെ ലൈസന്‍സ്, ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍, വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, പെസ്റ്റ് കണ്‍ട്രോള്‍ മാനദണ്ഡങ്ങള്‍, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍, ഭക്ഷണം ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്ന രീതികള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി.


സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ അജി. എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS